Top News

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഒറ്റപ്പാലം: പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഡോക്ടര്‍ മരിച്ച കേസില്‍ 1.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ (എംഎസിടി) കോടതി വിധി.[www.malabarflash.com]

പാലക്കാട് മെഡിക്കല്‍ കോളേജ് അസി. പ്രൊഫസറായിരുന്ന തൃശൂര്‍ കാനാട്ടുകര പ്രശാന്തിനഗര്‍ പട്ടത്ത് വീട്ടില്‍ ഡോ.നവീന്‍കുമാര്‍ (38) മരിച്ച കേസിലാണ് ജഡ്ജി പി സെയ്തലവി വിധി പറഞ്ഞത്. 

ഹര്‍ജി ഫയല്‍ ചെയ്ത 2018 ഫെബ്രുവരി മുതലുള്ള എട്ട് ശതമാനം പലിശയും, കോടതി ചെലവുമടക്കം നല്‍കാനും വിധിയിലുണ്ട്. ഇതടക്കം 1.90 കോടി രൂപ നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 

ലെക്കിടി സ്വദേശിയുടെ കാര്‍ പിരായിരി സ്വദേശിയായ 17 കാരനാണ് ഓടിച്ചിരുന്നത്. പ്രായപൂര്‍ത്തിയാവാതെ കാര്‍ ഓടിച്ച കേസ് പാലക്കാട് ജുവനൈല്‍ കോടതിയില്‍ തുടരുകയാണ്. 2017 ഒക്ടോബര്‍ 7 ന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം. 

പാലക്കാട് നൂറണി ചക്കാന്തറ പെട്രോള്‍ പമ്പിന് സമീപം നവീന്‍കുമാറും ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നവീന്‍കുമാര്‍ മരിച്ചു. ഭാര്യ ഡോ. കെ ജയശ്രീ (35), മകന്‍ പാര്‍ഥിവ് (9) എന്നിവര്‍ക്ക് പരിക്കേറ്റു. 

നഷ്ടപരിഹാര തുക കാര്‍ ഉടമയില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനി ഈടാക്കിയേക്കും. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. കെ കെ പ്രശാന്ത്, സുജ എസ് നായര്‍ എന്നിവര്‍ ഹാജരായി. ഒറ്റപ്പാലത്ത് വാഹനാപകടക്കേസില്‍ വിധിക്കുന്ന ഉയര്‍ന്ന നഷ്ട പരിഹാര തുകയാണിത്.

Post a Comment

Previous Post Next Post