NEWS UPDATE

6/recent/ticker-posts

പ്രണയിതാക്കളെ ബന്ധുക്കള്‍ വിഷം നല്‍കി കൊന്ന് മൃതദേഹം കത്തിച്ചു

ദര്‍ഗ്: ഛത്തീസ്ഗഡില്‍ പ്രണയിതാക്കളെ ബന്ധുക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി(21), ഇയാളുടെ അമ്മാവന്റെ മകള്‍ ഐശ്വര്യ(20) എന്നിവരെയാണ് കുടുംബാംഗങ്ങള്‍ വിഷം കഴിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം.[www.malabarflash.com]

ശനിയാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അമ്മാവന്‍ രാമു, യുവതിയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി ഭിലായ് നഗറിലെ സിറ്റി പോലിസ് സൂപ്രണ്ട് (സിഎസ്പി) അജിത് യാദവ് പറഞ്ഞു. 

പ്രണയത്തിലായിരുന്ന ശ്രീഹരിയും ഐശ്വര്യയും കഴിഞ്ഞ മാസം വീടുകളില്‍ നിന്ന് ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് കുടുംബം കാണാനില്ലെന്നു പരാതി നല്‍കി. ദര്‍ഗ് പോലിസ് പിന്നീട് ചെന്നൈയില്‍ കണ്ടെത്തുകയും ഒരു സംഘത്തെ അയക്കുകയും ചെയ്തു. ഒക്ടോബര്‍ 7 ന് ഇരുവരെയും തിരിച്ചെത്തിച്ച് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് കൈമാറുകയും ചെയ്തു.

ശനിയാഴ്ച രാത്രി പോലിസ് പട്രോളിംഗ് സംഘം ഇവരുടെ വീടുകളില്‍ സംശയാസ്പദമായ ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പ്രതികള്‍ ഇരുവര്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് പോലിസ് പറഞ്ഞു. 

ഇരുവരുടെയും മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ എതിര്‍ത്തതായും പോലിസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോലിസ് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സിഎസ്പി പറഞ്ഞു.

Post a Comment

0 Comments