Top News

വാളയാറില്‍ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

പാലക്കാട്: വാളയാറില്‍ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ചെല്ലങ്കാവ് കോളനി നിവാസിയായ അരുണ്‍ ആണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.[www.malabarflash.com]

അവശനിലയിലായ അരുണ്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞദിവസം മരിച്ച അയ്യപ്പന്‍റെ മകനാണ് അരുണ്‍.

രണ്ടുദിവസത്തിനിടെ അഞ്ചുപേരാണ് ചെല്ലങ്കാവ് കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ലഹരിക്ക് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്ന് സൂചനകളുണ്ടായിരുന്നു. സോപ്പുചുവയുളള ദ്രാവകമാണ് കുടിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതുശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍.

തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച ശിവന്‍റെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയായത്. വിഷാംശം കലന്ന മദ്യം അകത്തുചെന്നു എന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനക്ക് സാംപിളയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കിട്ടിയ ശേഷം മാത്രമേ, ഏത് തരം വിഷാംശമാണ് അകത്ത് ചെന്നതെന്ന നിഗമനത്തില്‍ എത്താനാവു. നേരത്തെ അടക്കം ചെയ്ത രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നിലവില്‍ എട്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവര്‍ക്ക് മദ്യം നല്‍കിയ ശിവൻ മരിച്ചത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. എവിടെ നിന്നാണ് വ്യാജമദ്യം എത്തിയതെന്ന് മനസ്സിലാക്കാൻ ഇനിയും സാധിച്ചിട്ടില്ല. പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ എക്സൈസും അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post