NEWS UPDATE

6/recent/ticker-posts

ബി.ജെ.പി നേതാക്കൾക്ക് പ്രവേശനമില്ല; ഹരിയാനയിലെ ഗ്രാമങ്ങളിൽ വിലക്കേർപ്പെടുത്തി നാട്ടുകാർ

ചണ്ഡീഗഡ്: വിവാദമായ കാർഷിക നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഹരിയാനയിലെ മൂന്ന് ഗ്രാമങ്ങളിൽ ബി.ജെ.പി നേതാക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജനങ്ങൾ.[www.malabarflash.com]

ഫതേഹാബാദ് ജില്ലയിലെ അഹെർവാൻ, ഭാനി ഖേര, അംബാല ജില്ലയിലെ ബറൗല എന്നീ ഗ്രാമങ്ങളിലാണ് നാട്ടുകാർ യോഗം ചേർന്ന് ബി.ജെ.പി നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിക്കും വിലക്കുണ്ട്. ബി.ജെ.പി-ജെ.ജെ.പി നേതാക്കൾ പ്രവേശിക്കരുതെന്ന് കാണിച്ച് ബോർഡുകളും ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പിപ്ലിയിലും സിർസയിലും കാർഷിക നിമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് മർദനം അഴിച്ചുവിട്ടതിൽ ഗ്രാമവാസികൾക്ക് കടുത്ത രോഷമുണ്ട്. കർഷകരുടെ മരണവാറണ്ടായ കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന നേതാക്കളെ ബഹിഷ്കരിക്കാനാണ് തീരുമാനിച്ചതെന്ന് അഹെർവാൻ ഗ്രാമത്തിലെ കർഷകനായ ഗുർപ്രീത് സിങ് പറഞ്ഞു. ഈ നേതാക്കൾ ഗ്രാമത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് അവർ തന്നെയാകും ഉത്തരവാദിയെന്നും ഗ്രാമീണർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഗ്രാമീണരുടെ അത്തരം തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് ജെ.ജെ.പി എം.എൽ.എ ദേവേന്ദ്ര ബബ്ലി പറഞ്ഞു. കർഷകരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ ദോഷകരമായി ബാധിക്കുന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും കർഷകർ ശക്തമായ സമരത്തിലാണ്. ഹരിയാനയിൽ അധികാരത്തിലുള്ള ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് കടുത്ത വെല്ലുവിളിയാവുകയാണ് കർഷകരുടെ പ്രതിഷേധം.

Post a Comment

0 Comments