Top News

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി; ഖത്തറില്‍ 23 ആരോഗ്യ പ്രവര്‍ത്തകര്‍ കരിമ്പട്ടികയില്‍

ദോഹ: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതായി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള അനുമതിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

പിടികൂടിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളിലധികവും പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ളവയായിരുന്നു. രേഖകള്‍ സൂക്ഷ്‍മമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 

ഖത്തറില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്. തുടര്‍ നടപടികളുമായി ഭാഗമായി ഇവരുടെ പേരുകള്‍ എല്ലാ ജി.സി.സി രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

രജിസ്ട്രേഷനും ലൈസന്‍സിനുമായി ലഭിക്കുന്ന അപേക്ഷകളില്‍ സൂക്ഷ്‍മമായ പരിശോധന നടത്തിയ ശേഷമാണ് നടപടികള്‍ സ്വീകരിക്കാറുള്ളതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. സാദ് റാഷിദ് അല്‍ കാബി പറഞ്ഞു.

Post a Comment

Previous Post Next Post