NEWS UPDATE

6/recent/ticker-posts

വെഞ്ഞാറാമൂടില്‍ നടന്നത് പെരിയ ഇരട്ടക്കൊല കേസിന് സമാനമായ സംഭവം; കോണ്‍ഗ്രസ്സ് നേതൃത്വം അങ്കലാപ്പില്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ രാഷ്ട്രീയ കൊലപാതകത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിക്കൂട്ടില്‍. മുന്‍ മന്ത്രിയും എം.പിയുമായ അടൂര്‍ പ്രകാശാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. [www.malabarflash.com]

കൊലപാതകത്തിനു ശേഷം പ്രതികള്‍, അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.പി.എം ഉന്നയിച്ചിരിക്കുന്നത്.
മന്ത്രി ഇ.പി ജയരാജന്‍ തന്നെ പരസ്യമായി ഈ ആരോപണമുന്നയിച്ചത് വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷമാണെന്നാണ് സൂചന.

ഗൂഢാലോചനയില്‍ എം.പിയുടെ പങ്ക് അന്വേഷിക്കണമെന്നതാണ് മന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ എം.പിയെ പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചനക്ക് കൂടുതല്‍ തെളിവ് ലഭിച്ചാല്‍, പ്രതിയാക്കപ്പെടാനും സാധ്യത ഏറെയാണ്.

അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വേണ്ടി കേസുകളില്‍ ഇടപെട്ടിരുന്നു എന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇരട്ട കൊലക്കേസില്‍ തനിക്ക് ഒരു ബന്ധവുമില്ലന്നാണ് അദ്ദേഹം വാദിക്കുന്നത്. 

ഇതിനിടെ, പ്രതികളില്‍ ഒരാളായ ഷജിത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത് അടൂര്‍ പ്രകാശിന് തിരിച്ചടിയായിരിക്കുകയാണ്. ഫൈസല്‍ വധക്കേസില്‍ തന്നെ അടൂര്‍ പ്രകാശ് സഹായിച്ചെന്നതാണ് ഷജിത്തിന്റെ ശബ്ദരേഖ. ഇത് കോണ്‍ഗ്രസ്സ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കുന്ന രേഖകളാണിത്. അടുത്തയിടെയാണ് സി.പി.എം പ്രവര്‍ത്തകനായ ഫൈസലിന് നേരെ വധശ്രമമുണ്ടായിരുന്നത്.ഈ കേസില്‍ അടൂര്‍ പ്രകാശ് സഹായിച്ചുവെന്നാണ് ഷജിത്തിന്റെ വെളിപ്പെടുത്തല്‍.

അന്ന്, പ്രതികള്‍ക്കു വേണ്ടി പോലീസ് സ്റ്റേഷനിലെത്തിയതും അടൂര്‍ പ്രകാശായിരുന്നു എന്ന് സി.പി.എമ്മും ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി, വ്യാപകമായ പ്രചരണമാണ് സി.പി.എം സംസ്ഥാനത്ത് നടത്തി കൊണ്ടിരിക്കുന്നത്. 

കോണ്‍ഗ്രസ്സ് തിരുവോണ നാളില്‍ ‘കൊലപ്പൂക്കളം’ ഒരുക്കിയെന്ന പോസ്റ്റ്, ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയതും കോണ്‍ഗ്രസ്സാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. 

വെഞ്ഞാറമൂടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളില്‍ ചിലര്‍ മുന്‍പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഉള്‍പെട്ടിട്ടുണ്ട്.

രക്ഷിക്കാന്‍ എം.പിയുണ്ടെന്ന ഉറപ്പിലാണ് പ്രതികള്‍, വീണ്ടും ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്.എട്ടു പേരാണ് കേസില്‍ ഇതിനകം അറസ്റ്റിലായിരിക്കുന്നത്. ഇതില്‍, സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 

മറ്റു നാലു പേര്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരാണ്.ഇവര്‍ തന്നെയാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നത്. ഫൈസല്‍ വധക്കേസിലെ പ്രതികളാണ് സജീവും അന്‍സാറും. ഈ കേസുമായി മുന്നോട്ട് പോകുന്നതിന് സജീവ ഇടപെടലാണ് ഹക്ക് മുഹമ്മദും മിഥിലാജും നടത്തിയിരുന്നത്. ഇതിന്റെ പ്രതികാരമായാണ്, പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 

ഹക്ക് മുഹമ്മദായിരുന്നു പ്രധാന ടാര്‍ഗറ്റ്. മുന്‍പ് ഫൈസല്‍ ആക്രമിക്കപ്പെട്ടപ്പോഴും, പ്രതികള്‍ തിരഞ്ഞതും ഹക്കിനെയായിരുന്നു. എന്ത് ചെയ്താലും, രക്ഷപ്പെടുത്താന്‍ ആളുണ്ടെന്ന ധൈര്യം തന്നെയാണ് പ്രതികള്‍ക്ക് ആക്രമണത്തിന് പ്രേരണയായിരിക്കുന്നത്. അടൂര്‍ പ്രകാശിന് കുരുക്കാകുന്നതും ഈ മൊഴികള്‍ തന്നെയാണ്. കൊലപാതക പ്രേരണ കുറ്റത്തിന് അടൂര്‍ പ്രകാശ് പ്രതിയായാല്‍, അത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍, യു.ഡി.എഫിന് 20-ല്‍ 19 സീറ്റും നേടുന്നതിന് കാസറകോട് പെരിയ  ഇരട്ട കൊലപാതകവും ഒരു പ്രധാന ഘടകമായിരുന്നു. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ കാസറകോട്ട്, രാജ് മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കാന്‍ കാരണം തന്നെ ആ ഇരട്ട കൊലപാതകത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പായിരുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെയാണ് പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായിരുന്നത്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും സജീവ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമായിരുന്നു. ഈ കേസിപ്പോള്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. പെരിയ കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സ് ഇപ്പോഴും ആരോപിക്കുന്നത്. ഈ ഇരട്ട കൊലപാതക കേസിന് സമാനമായ കൊലപാതകമാണിപ്പോള്‍ വെഞ്ഞാറാമൂടിലും നടന്നിരിക്കുന്നത്. 

പെരിയയിലെ പോലെ തന്നെ, ആസൂത്രിതമായാണ് തലസ്ഥാന ജില്ലയിലെ കൊലപതാകങ്ങളും നടത്തിയിരിക്കുന്നത്. ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത് സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് എന്നത് മാത്രമാണ് വ്യത്യാസം. 

ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗമാണ് കൊല്ലപ്പെട്ട മിഥിലാജ്. ഡിവൈഎഫ്‌ഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഎം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ് ഹഖ് മുഹമ്മദ്.ഇരുവരെയും തിരുവോണദിവസം വടിവാള്‍ ഉപയോഗിച്ചാണ് അക്രമികള്‍ വെട്ടികൊല്ലപ്പെടുത്തിയത്. അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് ഗുണ്ടാസംഘമാണിത്.

മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുമ്പോഴായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ പിടഞ്ഞ് മരിക്കുകയാണുണ്ടായത്. 

കാസറകോട്ടെ ഇരട്ടക്കൊല ഉയര്‍ത്തി പ്രക്ഷോഭം ഉയര്‍ത്തിയ യു.ഡി.എഫിന്, തലസ്ഥാന ജില്ലയിലെ ഇരട്ട കൊലപാതകമിപ്പോള്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ ‘തീ’ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ്സിനെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നേരിടുന്നത്. അടൂര്‍ പ്രകാശ് എം.പിക്കെതിരായ നീക്കങ്ങളും തന്ത്രപരമാണ്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വമാകെ പകച്ചു നില്‍ക്കുകയാണ്.

തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, ജനവികാരം എതിരാകുമെന്ന ആശങ്ക, യു.ഡി.എഫ് നേതൃത്വത്തിലും വ്യാപകമാണ്.കൊലപാതക രാഷ്ട്രീയം ഉന്നയിച്ച്, ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനും എതിരെ നിരന്തരം പ്രചരണം അഴിച്ചുവിടുന്ന, യൂത്ത് കോണ്‍ഗ്രസ്സും, യൂത്ത് ലീഗുമെല്ലാം, വെഞ്ഞാറമൂടിലെ കൊലപാതകത്തോടെ വെട്ടിലായിട്ടുണ്ട്. 

ഇനി ഷുക്കൂര്‍ വധവും പെരിയയുമെല്ലാം എങ്ങനെ ഉന്നയിക്കുമെന്നതാണ് ഈ സംഘടനകളെ കുഴക്കുന്ന ചോദ്യം. സമാധാനത്തിന്റെ പ്രതിരൂപമായി ഇവരെല്ലാം ചിത്രീകരിക്കുന്ന ഖദറിലാണിപ്പോള്‍ ചുടുചോര പടര്‍ന്നിരിക്കുന്നത്.

Post a Comment

0 Comments