Top News

കാർഷിക ബില്ലിൽ പ്രതിഷേധം; കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു

ന്യൂഡൽഹി: മോദി സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. 

അകാലി ദൾ അധ്യക്ഷനും ഹർസിമ്രത് കൗറിന്‍റെ ഭർത്താവുമായ സുഖ്ബിർ സിങ് ബാദൽ മന്ത്രി രാജിവെക്കുമെന്ന കാര്യം പാർലമെന്‍റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമുള്ള പിന്തുണ അകാലിദൾ തുടരുമെന്നും എന്നാൽ കർഷക വിരുദ്ധമായ ബില്ലുകളെ എതിർക്കുമെന്നും രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സുഖ്ബീര്‍ സിങ് ബാദൽ പറഞ്ഞു.

തിങ്കളാഴ്ച പാർലിമെന്‍റിൽ അവതരിപ്പിച്ച ബില്ലുകൾക്കെതിരെ വോട്ടു ചെയ്യാൻ എൻ.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദൾ തങ്ങളുടെ എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു.

കർഷകവിരുദ്ധ ബില്ലുകളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദലിനോടും സുഖ്ബീര്‍ സിങ് ബാദലിനോടും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.

കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനെന്ന് അവകാശപ്പെട്ട് കേന്ദ്രം അവതരിപ്പിച്ച ബില്ലുകൾക്കെതിരെ പഞ്ചാബിൽ വൻ പ്രതിഷേധം ഉയരുകയാണ്.

തുടക്കത്തിൽ ബില്ലിനെ പിന്തുണച്ച് നിലപാടെടുത്ത അകാലി ദൾ പ്രതിഷേധം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. പ്രശ്നങ്ങൾ പരിഹരിക്കും വരെ ബില്ലുമായി മുന്നോട്ട് പോകരുതെന്ന് അകാലി ദൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

Post a Comment

Previous Post Next Post