NEWS UPDATE

6/recent/ticker-posts

ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ അനുമതിയില്ലാതെ ക്രയവിക്രയം നടത്തരുതെന്ന്; രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡിയുടെ കത്ത്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബീനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ ഇ ഡി യുടെ അനുമതിയില്ലാതെ ക്രയവിക്രയം പാടില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തു നല്‍കിയതായി റിപോര്‍ട്.[www.malabarflash.com]

നേരത്തെ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.ഇതിന്റെ ഭാഗമായുള്ള തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇ ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തു നല്‍കിയതെന്നാണ് വിവരം.

നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന കേസില്‍ ബിനീഷ് കൊടിയേരിയെ പ്രതിചേര്‍ത്തിട്ടില്ലെന്നാണ് അറിയുന്നത്.എന്നാല്‍ ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ക്രയവിക്രയം ഇ ഡി അറിയാതെ പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബിനീഷിന്റെ സ്വത്തുവിവരം സംബന്ധിച്ചുള്ള അന്വേഷണം എന്‍ഫോഴ്‌സമെന്റ് തുടരുകയാണ്. ബംഗളുരു ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയായ അനൂപുമായി ബിനിഷ് കൊടിയേരിക്ക് അടുത്ത ബന്ധമുള്ളതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിനു ശേഷമാണ് ബിനീഷ് കൊടിയേരിയെ ഇ ഡി കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഈ മാസം ഒമ്പതിനായിരുന്നു ചോദ്യം ചെയ്യല്‍.ഏകദേശം 11 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിനീഷ് കൊടിയേരിയെ അന്ന് ഇ ഡി വിട്ടയച്ചത്. 

ഇതിനിടയില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ സുത്രധാരനെന്ന് എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം കണ്ടെത്തിയ പ്രതി കെ ടി റമീസുമായി ബംഗളുരു ലഹരിക്കേസിലെ പ്രതി അനൂപിന് ബന്ധമുള്ളതായും റിപോര്‍ട് പുറത്തുവന്നിരുന്നു. അനൂപിന്റെ പക്കല്‍ കെ ടി റമീസിന്റെ ഫോണ്‍ നമ്പര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നുവത്രെ.

എന്‍ ഐ എക്കും കസ്റ്റംസിനുമൊപ്പം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ബംഗളുരു ലഹരിക്കേസിലെ പ്രതികള്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സഹായം നല്‍കിയതായി സംശയമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments