പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]
ആടൂരില്‍ നിന്നും കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ചികിത്സാ കേന്ദ്രത്തിലെത്തിയ ഉടനെ പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ നൗഫല്‍ കൊലക്കേസ് പ്രതിയാണ്. ക്രമിനല്‍ പശ്ചാത്തലമുള്ളയാള്‍ ആംബുലന്‍സ് ഡ്രൈവറായ കാര്യവും പോലിസ് അന്വേഷിക്കുന്നുണ്ട്.
0 Comments