Top News

ബംഗളൂരു സംഘര്‍ഷം; കലാപകാരികളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക

ബംഗളൂരു: ബംഗളൂരു സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു.[www.malabarflash.com] 

പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു.

‘കലാപം ആസൂത്രണം ചെയ്തിരുന്നു. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചു. മുന്നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചു. അക്രമത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഉത്തര്‍പ്രദേശിന് സമാനമായി സ്വത്ത് നഷ്ടം കലാപകാരികളില്‍ നിന്ന് ഈടാക്കും’, മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. 

അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എം.എല്‍.എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പോലീസ് ഇടപെടലുണ്ടായതോടെ സംഘം ഡി.ജെ ഹള്ളി പോലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്. 

പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Post a Comment

Previous Post Next Post