Top News

കര്‍ണാടകയില്‍ ക്ഷേത്രത്തിലെ രഥം ബലമായി പുറത്തിറക്കി; 50 പേര്‍ അറസ്റ്റില്‍

കര്‍ണാടക: കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കര്‍ണാടകയില്‍ ക്ഷേത്രത്തിലെ രഥം ബലമായി പുറത്തിറക്കിയ സംഭവത്തില്‍ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു. [www.malabarflash.com]

കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ്. എന്നാല്‍ പോലീസ് നടപടി തുടങ്ങിയതോടെ നിവധി പേരാണ് ഗ്രാമം ഉപേക്ഷിച്ചുപോയത്.

വടക്കന്‍ കര്‍ണാടകയിലെ ദോതിഹാല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന പൂജയ്ക്ക് മാത്രമാണ് തഹസില്‍ദാര്‍ അനുമതി നല്‍കിയിരുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ജി. സംഗീത പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൂജ നടത്താനാണ് അനുമതി നല്‍കിയത്.

അന്‍പതിലധികം ആളുകള്‍ കൂടിയതോടെ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ അടച്ചു. എന്നാല്‍ ഇതോടെ ക്ഷേത്രത്തിന് പുറത്ത് നിന്നവര്‍ പ്രകോപിതരാകുകയും ഗേറ്റ് പോലെ പ്രവര്‍ത്തിച്ചിരുന്ന ഗ്രില്‍ തകര്‍ത്ത് ക്ഷേത്രത്തിലെ രഥം പുറത്തിറക്കി.

തുടര്‍ന്ന് ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എസ്പി പറഞ്ഞു. പോലീസ് പിന്നീട് രഥം തിരിച്ച് ക്ഷേത്രത്തിലെത്തിച്ച് ഗേറ്റുകള്‍ പൂട്ടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് 50 പേരെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എസ്പി അറിയിച്ചു. 7,000ത്തോളം ആളുകളുള്ള ഗ്രാമം ഇപ്പോള്‍ ശ്യൂന്യമാണെന്നും ഒട്ടുമിക്കയാളുകളും ഓടിപ്പോയെന്നും എസ്പി പറഞ്ഞു. പ്രായമായവരും സ്ത്രീകളും മാത്രമാണ് ഗ്രാമത്തില്‍ അവശേഷിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post