Top News

തമിഴ്നാട്ടിലെ പ്രമുഖ പണ്ഡിതൻ ശബീറലി ഹസ്റത്ത് അന്തരിച്ചു

വെല്ലൂർ: തമിഴ്നാട്ടിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മൗലാനാ ശബീറലി ഹസ്റത്ത് (83) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് വെല്ലൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]

വെല്ലൂർ ബാഖിയാതുസ്സ്വാലിഹാത്തിൽ 30 വർഷം മുദർരിസായിരുന്നു. തമിഴ്‌നാട്ടിൽ സുന്നത്ത് ജമാഅത്ത് പ്രചരിപ്പിക്കുന്നതിൽ കഴിഞ്ഞ 50 വർഷമായി നേതൃപരമായ പങ്കുവഹിച്ച പണ്ഡിതനായിരുന്നു.

തമിഴ് മുസ്‌ലിംകളുടെ വൈജ്ഞാനിക മേഖലയിൽ നൽകിയ സംഭാവനകൾക്ക് ആൾ കേരള ബാഖവി അസോസിയേഷന്റെ നേതൃത്വത്തിൽ ജനുവരിയിൽ മലപ്പുറം മഅ്ദിൻ അക്കാദമിയിൽ ശബീറലി ഹസ്റത്തിനെ ആദരിച്ചിരുന്നു. 

മർഹൂം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ ബാഖിയാത്തിലെ സമകാലികരാണ്. സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, മർകസ് മുദർരിസ് മുഖ്താർ ഹസ്റത്ത്, പൊന്മള മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ ശിഷ്യരിൽ പ്രമുഖരാണ്. അഞ്ച് ആൺ മക്കളും ആറ് പെൺമക്കളും ഉണ്ട്. ആൺ മക്കളെല്ലാം പണ്ഡിതരും ഹാഫിളുകളുമാണ്.

ശബീറലി ഹസ്റത്തിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ അനുശോചനം രേഖപ്പെടുത്തി. ദക്ഷിണേന്ത്യയിൽ സുന്നത്ത് ജമാഅത്തിനെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ച പണ്ഡിതനാണ് ശബീറലി ഹസ്റത്തെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രാർഥന നടത്താനും കാന്തപുരം അഭ്യർഥിച്ചു.

Post a Comment

Previous Post Next Post