Top News

മംഗളൂരുവില്‍ മണ്ണിടിഞ്ഞു വീണു രണ്ടു കുട്ടികള്‍ മരിച്ചു: മൂന്നു വീടുകള്‍ മണ്ണിനടിയിലായി

മംഗ്ലൂരു: മണ്ണിടിഞ്ഞു വീണതിനെ തകര്‍ന്ന വീടുകള്‍ക്കിടയില്‍പ്പെട്ടു രണ്ടു കുട്ടികള്‍ മരിച്ചു.സഫ് വാന്‍ (16), സഹല (10) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.[www.mlabarflash.com]

പോലീസും, നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലായി ഇവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഞായറാഴ്ച  ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.

മംഗ്ലൂരു വിമാനത്താവളത്തിനടുത്ത ഗുരുപുര ഗ്രാമത്തിലെ ബംഗ്ലഗുഡെയിലാണ് അപകടം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പ്രദേശത്തുണ്ടായ കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

അതെ സമയം മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നു വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായിട്ടുണ്ട്. ഇതിനു പുറമെ സമീപത്തുള്ള ഒട്ടനവധി വീടുകള്‍ അപകടാവസ്ഥയിലാണ്.അപകടത്തെ തുടര്‍ന്ന് 14 വീടുകളിലെ ആളുകളെ രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതിനു പുറമെ പ്രസ്തുത വീടുകളിലെ മുഴുവന്‍ സാധനങ്ങളും വീടുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 

അഗ്‌നിശമന സേന, എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പുറമെ അഞ്ചു ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും രക്ഷാ പ്രവര്‍ത്തനത്തിനെത്തി.

അപകട വിവരമറിഞ്ഞു മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പൂജാരി കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post