Top News

റിയാസ് മൗലവി വധക്കേസ്: മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: കാസറകോട് പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസില്‍ മൂന്നാം പ്രതി അഖിലേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. [www.malabarflash.com]

2017 മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ് മദ്‌റസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളിക്കകത്തു വെച്ചു ആര്‍എസ്എസ്സുകാര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം അടക്കമുള്ള 50 ലധികം രേഖകളും സമര്‍പ്പിച്ചിരുന്നു. ദൃക്‌സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് ഈ കേസിലുള്ളത്. 

അഖിലേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മുന്‍പും തള്ളിയിരുന്നു. ഐപിസി 302 (കൊലപാതകം), 153എ (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 

പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് മൗലവി കിടന്നിരുന്നത്. മൗലവിയുടെ മുറിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഉറങ്ങിക്കിടന്നയാളെ പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്തിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താതെയാണ് കേസന്വേഷണം നടന്നത്. 

കാലങ്ങളായി കാസര്‍കോട് മേഖലയില്‍ നടക്കുന്ന കലാപ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് വ്യക്തമായിട്ടും കേസന്വേഷണം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒതുങ്ങുകയായിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പോലിസ് മുഖവിലക്കെടുത്തില്ലെന്നും നേരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post