Top News

മര്‍കസ് ലോ കോളജില്‍ നിന്ന് 25 പേര്‍ അഭിഭാഷകരായി

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ലോ കോളജില്‍ നിന്ന് 25 വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകരായി എന്റോള്‍ ചെയ്തു. പഞ്ചവത്സര കോഴ്‌സിലെ ആദ്യ ബാച്ചാണിത്. സാധാരണ എറണാകുളം ഹൈക്കോടതിയില്‍ ബാര്‍ കൗണ്‍സില്‍ നടത്തി വരാറുള്ള എന്റോള്‍മെന്റ് ചടങ്ങ് കൊറോണ കാരണം, ഇത്തവണ ഓണ്‍ലൈനിലാണ് നടന്നത്.[www.malabarflash.com]

അഭിഭാഷകരായ വിദ്യാര്‍ഥികളെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ അഭിനന്ദിച്ചു. നിയമ സംവിധാനം സത്യസന്ധമായും നീതിയുക്തമായും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഏറ്റവും അനിവാര്യമാണ്. അത്തരം മേഖലകളിലേക്ക് പ്രതിഭാശാലികളായ കൂടുതല്‍ വിദ്യാര്‍ഥികള്‍ കടന്നുവരുന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

മര്‍കസ് ലോ കോളജില്‍ നിന്ന് ത്രിവത്സര കോഴ്‌സ് പൂര്‍ത്തിയാക്കിയ അമ്പതിലധികം അഭിഭാഷകര്‍ വിവിധ കോടതികളില്‍ സേവനം ചെയ്തു വരികയാണ്. മര്‍കസിന്റെ സാമ്പത്തിക സഹായത്തോടെ നിയമ പഠനം പൂര്‍ത്തിയാക്കിയ സഖാഫി പണ്ഡിത വൃന്ദവും അവരില്‍ നിരവധിയാണ്. പഠന കാലത്ത് തന്നെ സാമൂഹിക പ്രധാനമായ വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ലോ കോളജിലെ ഇപ്പോള്‍ അഭിഭാഷകരായ വിദ്യാര്‍ഥികള്‍. 

വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസി ഊരുകളില്‍ പോയി നടത്തിയ നിയമ സഹായ പദ്ധതികള്‍ ഒരുപാട് പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. കൂടുതലായി സേവന മേഖലകളില്‍ ഊന്നാനുള്ള യത്‌നങ്ങളില്‍ ഏര്‍പ്പെടുമെന്നും അത്തരം മൂല്യബോധമാണ് മര്‍കസ് തങ്ങള്‍ക്ക് നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

Post a Comment

Previous Post Next Post