NEWS UPDATE

6/recent/ticker-posts

കറാച്ചി വിമാന ദുരന്തം: വിമാനത്തില്‍ ഉണ്ടായിരുന്ന പാക് ബാങ്ക് മേധാവി അത്ഭുതകരമായി രക്ഷപ്പെട്ടു

ഇസ്‌ലാമാബാദ്: കറാച്ചിയിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാങ്ക് മേധാവി അത്ഭുതരമായി രക്ഷപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍.[www.malabarflash.com]

യാത്രക്കാരും ജീവനക്കാരുമടക്കം 107 പേരാണ് തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 98 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അത്ഭുതകരമായ രക്ഷപ്പെട്ട സഫര്‍ മസൂദിനെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫര്‍ തന്റെ അമ്മയോട് ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയോ മറ്റുപരിക്കുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഐഎ യുടെ ലാഹോര്‍ കറാച്ചി വിമാനമാണ് വിമാനത്താവളത്തിന് അടുത്തുള്ള മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുന്‍വശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ടതെന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലയിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

Post a Comment

0 Comments