Top News

പോലീസുകാരുടെ പ്രവര്‍ത്തന രീതിയില്‍ തിങ്കളാഴ്ച മുതല്‍ വലിയ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ശക്തിപ്പെടുകയും പോലീസുകാര്‍ക്കടക്കം രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പോലീസിന്റെ പ്രവര്‍ത്തന രീതിയില്‍ വലിയ മാറ്റം വരുത്തുന്നു.[www.malabarflash.com]

പോലീസിന്റെ പുതിയ സ്റ്റാന്‍ര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ തിങ്കളാഴ്ച നിലവില്‍ വരും. പോലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കുകയും ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് വിശ്രമം നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. 

രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍ തുടങ്ങിയവയിലെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുളളമാറ്റമുണ്ടാകുമെന്ന് പോലീസ് ആസ്ഥാനത്ത് നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.

പോലീസുകാര്‍ ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകള്‍, യോഗ എന്നിവ ശീലമാക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം. 

പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങള്‍ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ പോലീസ് സേനകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ്സ്വീകരിച്ചിട്ടുള്ളതെന്നും ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പോലീസിന്റെ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പോലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ ഡി ജി പി ഡോ. ബി സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. 

പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവര്‍ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍തന്നെ മേലധികാരികളെ അറിയിക്കേണ്ടതാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Post a Comment

Previous Post Next Post