NEWS UPDATE

6/recent/ticker-posts

178 ല്‍ നിന്നും പൂജ്യത്തിലേക്ക്; അവസാനം രോഗമുക്തി നേടിയ ചെങ്കള സ്വദേശിക്ക് സ്നേഹോഷ്മള യാത്രയയപ്പ്

കാസർകോട്: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസറകോട്  മാറിയിരിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 178 രോഗികളില്‍ അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസറകോട് കോവിഡ് വിമുക്ത ജില്ലയായത്.[www.malabarflash.com]

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും ഗള്‍ഫില്‍ നിന്ന് വന്ന 47 കാരനായ ചെങ്കള സ്വദേശിയാണ് രോഗവിമുക്തനായി ഡിസ്ചാര്‍ജ് ചെയ്തത്. ഏപ്രില്‍ 14 ന് ആണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 178 രോഗികളും രോഗവിമുക്തി നേടിയതോടെ കാസര്‍കോടിന്റെ ചരിത്ര നേട്ടം ലോകമെമ്പാടുമുള്ള രോഗപ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ക്ക് ഉത്തേജനം നല്‍കും. പരിമിതമായ ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവിധ വകുപ്പുകളുടെ ചിട്ടയായ പ്രവര്‍ത്തനവും പൊതുജനങ്ങളുടെ പിന്തുണയും കൈമുതലാക്കി ഒരു രോഗിയേയും മരണത്തിലേക്ക് തള്ളിവിടാതെയാണ് ജില്ല നിലവില്‍ കോവിഡ് മുക്തമായിരിക്കുന്നത്.

രോഗ ബാധിതരിൽ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരുമാണ്. കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. അതോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 പേരെയുമാണ് ചികില്‍സിച്ചത്.

ചെമ്മനാട് – 39, കാസര്‍കോട് നഗരസഭ – 34, ചെങ്കള – 25, മൊഗ്രാല്‍പുത്തൂര്‍ -15, ഉദുമ 14, മധുര്‍-13, മുളിയാര്‍ -8, കുമ്പള – 4,പള്ളിക്കര – 6, കാഞ്ഞങ്ങാട് നഗരസഭ – 7, അജാനൂര്‍ – 4, ബദിയടുക്ക – 3, പുല്ലൂര്‍ പെരിയ- 2, പൈവളിഗ – 1,പടന്ന – 1, മംഗല്‍പാടി-1, മീഞ്ച – 1 എന്നിങ്ങനെയാണ് നഗരസഭ- പഞ്ചായത്ത് തിരിച്ച് രോഗബാധിതരുടെ കണക്ക്.

കേരളത്തില്‍ രണ്ടാം ഘട്ട രോഗ വ്യാപനം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഭയത്തോടെ നോക്കിക്കണ്ട ജില്ലയായിരുന്നു കാസർകോട്. സമൂഹ വ്യാപനത്തിലേക്ക് വഴുതിപ്പോകാന്‍ അത്രമേല്‍ സാധ്യത ഉണ്ടായിരുന്ന ജില്ല. തൊട്ടടുത്ത റെഡ് സോണുകളെ സാക്ഷിയാക്കി കോവിഡ് മുക്തമാകുമ്പോള്‍ രാപകലില്ലാതെ ഉറക്കമൊഴിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും അഭിമാനിക്കാം. നാടിനെ നെഞ്ചോട് ചേര്‍ത്ത് കടുത്ത പ്രതിരോധ മറ ഒരുക്കിയ ജില്ലാ ഭരണകൂടത്തിനും 178 കോവിഡ് രോഗികളേയും ചികിത്സിച്ച് ഭേദമാക്കിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ജാഗ്രത കൈവിടാതിരിക്കാന്‍ കാവലിരുന്ന പോലീസുകാര്‍ക്കും ക്വാറന്റൈനില്‍ പെട്ടുപോയ ജനതയ്ക്കായി ഭക്ഷണപ്പൊതികള്‍ ഒരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും നാടും നഗരവും അണുവിമുക്തമാക്കാന്‍ ഓടിനടന്ന ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യം ഉറപ്പുവരുത്താനും വയോജനങ്ങളുടെ വിവര ശേഖരണത്തിനുമെല്ലാം മുന്നേ നടന്ന അംഗണ്‍വാടി പ്രവര്‍ത്തകര്‍ക്കും സ്വയം നിയന്ത്രിച്ച് പുറത്തിറങ്ങാതെ വീടുകളില്‍ കഴിഞ്ഞ ഓരോരുത്തര്‍ക്കും അഭിമാനിക്കാം.

കേരളത്തിനഭിമാനമായി മികച്ച ചികിത്സ നല്‍കി എല്ലാവരേയും രോഗമുക്തിയാക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐ.ഡി.എസ്.പി. യൂണിറ്റ്, എന്‍.എച്ച്.എം. സ്റ്റാഫ്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കാസര്‍കോട് മെഡിക്കല്‍ കോളേജുകളിലെ യും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപതിയിലേയും ജീവനക്കാരേയും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു.

കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ വിദേശത്തു നിന്നു വന്നവരും അവരുടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും ഉള്‍പ്പെടെ എല്ലാവരും രോഗവിമുക്തരായതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ഇതിനായി സഹകരിച്ച് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു. എന്നാല്‍ ഇനിയും വലിയ വെല്ലുവിളികള്‍ ജില്ല നേരിട്ട് അതിജീവിക്കേണ്ടതുണ്ട്. അതിന് ജാഗ്രത കൈവിടാതെ എല്ലാവരും വീണ്ടും കൃത്യമായി പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments