NEWS UPDATE

6/recent/ticker-posts

രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിനിയും അധ്യാപികയുമായ രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 81 ദിവസത്തിനുശേഷമാണ് 1700 പേജുളള കുറ്റപത്രം അന്വേഷണ സംഘം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.[www.malabarflash.com]

രൂപശ്രീയുടെ കൊലപാതകത്തിൽ എല്ലാ തെളിവുകളും ശേഖരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു എന്നത് വിചാരണയിൽ പ്രോസിക്യൂഷന് നേട്ടമാകും. പ്രതി വെങ്കിട്ടരമണയെയും നിരഞ്ജനെയും കൊണ്ട് കൊലപാതകവും തെളിവ് നശിപ്പിക്കലും പൂർണ്ണമായും പുനർചിത്രീകരിച്ചാണ് തെളിവ് ശേഖരിച്ചു കുറ്റപത്രം തയാറാക്കിയത്.

കൊല്ലപ്പെട്ട രൂപശ്രീയുമായുള്ള അടുപ്പം മുതലെടുത്താണ് പ്രതി അവരെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ രൂപശ്രീയെ പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രയായ അവരെ വലിയ വീപ്പയിൽ മുക്കി കൊന്നതാണ് ഏറ്റവും വലിയ തെളിവ്. 

രണ്ടു ദിവസത്തിനുശേഷം മഞ്ചേശ്വരം കടപ്പുറത്തുനിന്നു കണ്ടെത്തിയ രൂപശ്രീയുടെ വയറ്റിൽനിന്ന് പോസ്റ്റുമോർട്ടത്തിൽ ലഭിച്ച വെള്ളം കിണർ വെള്ളമായിരുന്നു. കടലിൽ മുങ്ങിയാണ് മരണമെന്ന വാദം ഇതോടെ ആദ്യമേ പൊളിഞ്ഞു.

വെങ്കിട്ട രമണയുടെ വീട്ടിലെ വീപ്പയിൽനിന്ന് കണ്ടെടുത്ത വെള്ളവും പോസ്റ്റുമോർട്ടത്തിൽ ലഭിച്ച വെള്ളവും ഒന്നായതാണ് കൊലപാതകത്തിലെ പ്രധാന തെളിവ്. കർണാടകയുടെ വിവിധ സ്ഥലങ്ങളിൽ മൃതദേഹം കളയാൻ പ്രതികൾ നടത്തിയ കാർ യാത്രയും അതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഫോൺ വിളികളും വീട്ടിൽനിന്ന് ലഭിച്ച തെളിവുകളും കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ ജനുവരി 16നാണ് മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ ചിത്രകലാ അധ്യാപികയായ രൂപശ്രീയെ ഇതേ സ്കൂളിലെ അധ്യാപകനായ വെങ്കിട്ടരമണയും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്. കൊല്ലപ്പെട്ട രൂപശ്രീയും കേസില്‍ മുഖ്യപ്രതിയായ വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളടക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളും അധ്യാപികയ്ക്ക് മറ്റൊരു അധ്യാപകനോട് തോന്നിയ സൗഹൃദവുമാണ് വെങ്കിട്ടരമണയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ജനുവരി 16ന് കാസര്‍കോട് ഹൊസങ്കടയില്‍ ഒരു വിവാഹസല്‍ക്കാര ചടങ്ങ് കഴിഞ്ഞുമടങ്ങുകയായിരുന്ന രൂപശ്രീയെ വഴിയരികില്‍ കാത്തുനിന്ന വെങ്കിട്ടരമണ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ വീട്ടിലെത്തിയ രൂപശ്രീയും വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന വെങ്കിട്ടരമണയുടെ സഹായിയും കേസിലെ രണ്ടാം പ്രതിയുമായ നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയെ വീട്ടിലെ കുളിമുറിയിലുണ്ടായിരുന്ന വീപ്പയില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മൃതദേഹം ചാക്കില്‍കെട്ടി കര്‍ണാടകയിലടക്കം ഉപേക്ഷിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെങ്കിലും മഞ്ചേശ്വരം കടപ്പുറത്താണ് പ്രതികള്‍ ഉപേക്ഷിച്ചത്. ജനുവരി 18നാണ് രൂപശ്രീയുടെ മൃതദേഹം കടപ്പുറത്തുനിന്ന് കണ്ടെത്തുന്നത്. കേസ്വനേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് വെങ്കിട്ടരമണയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസിൽ വഴിതിരിവുണ്ടായത്.

Post a Comment

0 Comments