Top News

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയും ബിജെപി നേതാവുമായ അധ്യാപകന്‍ പത്മരാജനെ അറസ്റ്റ് ചെയ്തു.[www.malabarflash.com]

തലശ്ശേരി ഡിവൈഎസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബിജെപി ശക്തികേന്ദ്രമായ വിളക്കോട്ടൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണു സൂചന. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെ ഇന്ന് രാവിലെ നാല് ബന്ധുക്കളുടെ വീടുകളില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 

പ്രതിയെ പിടികൂടാത്ത നടപടിക്കെതിരേ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം രംഗത്തെത്തിയതിനു പിന്നാലെ മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ പോലിസിനെതിരേ വിമര്‍ശിച്ചിരുന്നു.

മാത്രമല്ല, കേസന്വേഷണ ഭാഗമായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിരുന്നു. ഡിവൈഎസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ 11 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ അധ്യാപകന്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുനിയില്‍ പത്മരാജനെതിരെ പോലിസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. 

കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും അറസ്റ്റ് നീളുകയായിരുന്നു. അതിനിടെ, അധ്യാപകനെതിരേ പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി നല്‍കിയ മൊഴിയും പുറത്തുവന്നിരുന്നു. പത്മരാജന്‍ പലപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും ബാത്ത് റൂമില്‍ നിന്നു കരഞ്ഞാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നതെന്നും സഹപാഠി മൊഴി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post