Top News

5ജി കൊവിഡ് പരത്തുമെന്ന് വ്യാജ പ്രചാരണം: ബ്രിട്ടനില്‍ ജനക്കൂട്ടം ടവറുകള്‍ക്ക് തീയിട്ടു

ലണ്ടന്‍: വ്യാജ വാര്‍ത്താ ഭീകരതയുടെ നേര്‍ക്കാഴ്ചയാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്. കൊവിഡ്-19 വ്യാപനത്തിന് 5ജി മൊബൈല്‍ ടവറുകള്‍ കാരണമാണെന്ന വ്യാജ പ്രചാരണം വിശ്വസിച്ച് യു.കെയില്‍ ജനം ടവറുകള്‍ക്ക് തീവച്ചു. വെള്ളിയാഴ്ച ലിവര്‍പൂളില്‍ ഒരു ടവറിന് തീയിട്ടു. ഇതേസംഭവം മറ്റ് രണ്ടിടങ്ങളിലും ഉണ്ടായി.[www.malabarflash.com]

ഫെയ്‌സ്ബുക്ക്, യുട്യൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. ലിവര്‍ പൂള്‍ മേയര്‍ ജോ ആന്റേഴ്‌സണും ഇത്തരത്തിലുള്ള വ്യാജ സന്ദേശം ലഭിച്ചു. ടവറുകള്‍ക്ക് തീയിട്ടത് അവശ്യ സേവനങ്ങളെ ബാധിച്ചു. ബര്‍മിങ്ഹാം, ലിവര്‍പൂള്‍, മെല്ലിങ്, മെഴ്‌സിസൈഡ് എന്നിവിടങ്ങളിലെ ടവറുകള്‍ക്കാണ് തീയിട്ടത്.

രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യമാണ് ഈ വ്യാജ വാര്‍ത്ത ഉണ്ടാക്കിയതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയരക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വിസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ് വര്‍ക്ക് സഹായത്തോടെയാണ്. ഒരു ജനത ആവശ്യസര്‍വിസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹികവിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് പറഞ്ഞു.

Post a Comment

Previous Post Next Post