NEWS UPDATE

6/recent/ticker-posts

രണ്ടു മക്കളുടെ അമ്മയെ പീഡിപ്പിച്ച് തോട്ടിൽ മുക്കിക്കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം

തലശ്ശേരി: ഭർതൃമതിയും രണ്ടു മക്കളുടെ അമ്മയുമായ മുപ്പതുകാരിയെ തോട്ടിൽ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് തലശ്ശേരി ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com]

പെരിങ്ങത്തൂർ കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ സി.കെ.റീജയെ കൊലപ്പെടുത്തിയ കേസിൽ പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ വലിയ കാട്ടിൽ കെ.പി.അൻസാറിനെയാണ് (29) ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. പിഴത്തുക ബന്ധുക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം.

പെരിങ്ങത്തൂർ, കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ കുഞ്ഞിരാമന്റെയും ചീരൂട്ടിയുടെയും ഒൻപത് മക്കളിൽ ഇളയവളായിരുന്നു റീജ. പുളിനാമ്പ്രം ചാച്ചേരി താഴെക്കുനിയിൽ സി.ടി.കെ.ഗോപിയാണ് ഭർത്താവ്. സ്വാതി,​സൗരവ് എന്നിവർ മക്കൾ.

2017 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. മത്സ്യം വാങ്ങാൻ പോവുകയായിരുന്ന റീജയെ വഴിയരികിൽ ഒളിച്ചു നിന്ന പ്രതി കടന്നു പിടിക്കുകയും ചെറുത്തപ്പോൾ വായും മൂക്കും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. മൽപ്പിടിത്തത്തിനിടെ തോട്ടിലേക്ക് വീണ് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായ ആഭരണം അഴിച്ചെടുത്ത് വെള്ളത്തിൽ മുക്കിപ്പിടിച്ചു കൊലപ്പെടുത്തി.

അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രനാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. ഫോറൻസിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള അടക്കമുള്ളവർ കോടതിയിൽ സാക്ഷികളായി എത്തിയിരുന്നു. വിധി കേട്ട ശേഷം കൂസലില്ലാതെയാണ് പ്രതി ജയിലിലേക്ക് മടങ്ങിയത്.

37 സാക്ഷികളെയും 22 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ഏഴാം സാക്ഷിയായ മകളുടെ മൊഴി നിർണായകമായി. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുൻപ് വീട്ടിനടുത്ത് വയലിൽ വച്ച് ഇയാൾ റീജയെ കടന്നുപിടിച്ചിരുന്നു. അമ്മ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്ന് മകൾ കോടതിയിൽ മൊഴി നൽകുകയായിരുന്നു. പ്രതി കവർന്ന റീജയുടെ ആഭരണങ്ങൾ, പ്രതിയുടെ ചെളി പുരണ്ട വസ്ത്രങ്ങൾ എന്നിവ കണ്ടെത്താനായതും നിർണായകമായി.

Post a Comment

0 Comments