Top News

ഹാൻറ വൈറസ്: പുതിയ രോഗ ഭീതിയിൽ ചൈന; ഒരു മരണം

ബീജിങ്: മരുന്ന് പോലും കണ്ടു പിടിക്കാനാകാതെ ലോകം കൊറോണ വൈറസ് രോഗത്തിന് മുന്നിൽ പകച്ച് നിൽക്കുമ്പോൾ, അതി​ന്റെ ഉത്ഭവ കേന്ദ്രമായ ചൈന മറ്റൊരു രോഗത്തിന്റെ  ഭീതിയിൽ. ഹാൻറ എന്ന പുതിയ വൈറസ് രോഗബാധയാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.[www.malabarflash.com]

യുന്നാൻ പ്രവിശ്യയിൽ ഹാൻറ വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ചൊവ്വാഴ്ച മരിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഷാൻഡോങ് പ്രവിശ്യയിലേക്ക് ജോലി ചെയ്യാനായി ബസിൽ പോകുമ്പോഴാണ് ഇയാൾ മരിക്കുന്നത്. തുടർന്ന് ബസിൽ ഉണ്ടായിരുന്ന 32 പേരെയും നിരീക്ഷണത്തിലാക്കിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചു.

എലി, അണ്ണാൻ, മുയൽ തുടങ്ങി കരണ്ടു തിന്നുന്ന ജീവികളിൽ നിന്നാണ് ഹാൻറ വൈറസ് പകരുന്നത്. ഇത് വായുവിലൂടെയോ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കോ പകരുകയില്ലെന്നും ഭയപ്പെടേണ്ട സ്ഥിതിവിശേഷം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. 

കോവിഡ് - 19ന് സമാനമായ രോഗലക്ഷണങ്ങളാണ് ഹാൻറ വൈറസ് ബാധക്കും ഉള്ളതെന്ന് ചൈനയിലെ സാംക്രമിക രോഗവ്യാപന നിയന്ത്രണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

പനി, തലവേദന, തൊണ്ടവേദന, ചുമ, ശരീരക്ഷീണം എന്നിവ ഉണ്ടാകും. എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളുമായി സമ്പർക്കം പുലർത്തുന്നവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഇവയുടെ മലമൂത്ര വിസർജ്യം, സ്രവങ്ങൾ എന്നിവയിലൂടെയാണ് ഹാൻറ വൈറസ് പടരുന്നത്. 

ഇവയുമായി അടുത്ത് ഇടപഴകുന്നവർ കൈകൾ വൃത്തിയാക്കാതെ കണ്ണ്, വായ്, മൂക്ക് എന്നിവയിൽ സ്പർശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post