NEWS UPDATE

6/recent/ticker-posts

സ്ഥിതി കൂടുതല്‍ ഗുരുതരം; ഏത് സാഹചര്യവും നേരിടാന്‍ കാസര്‍കോട് ഒരുങ്ങണമെന്ന് മുഖ്യമന്ത്രി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും, മെഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങും

തിരുവനന്തപുരം: 34 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട്ട് സ്ഥിതി കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.[www.malabarflash.com]

കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. ആളുകള്‍ അനാവശ്യമായി ഒരു കാരണവശാലും പുറത്തിറങ്ങരുത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

കാസര്‍കോടുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശുപത്രി കാര്യങ്ങള്‍ക്ക് ആശ്രയിച്ചത് കര്‍ണാടകയെയാണ്. മംഗലാപുരം കാസര്‍കോടിന്റെ വടക്കുഭാഗത്തുള്ളവര്‍ക്ക് ഏറ്റവും പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടമാണ്. ഇപ്പോള്‍ ആര്‍ക്കും അങ്ങോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

കണ്ണൂരില്‍ കാസര്‍കോട് ഉള്ളവരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ല. ഇത് ഒരു അടിയന്തര സാഹചര്യമായി മാറിയിരിക്കുന്നു. രോഗികളെയും കര്‍ണാടക കടത്തിവിടുന്നില്ല. എങ്ങനെ ഇതിനു പരിഹാരം കാണണമെന്ന് ആലോചിക്കുന്നുണ്ട്. കര്‍ണാടകയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാം.

രോഗം കൂടിയ ആളുകളെ ചികിത്സിക്കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കും. 200 കിടക്കകള്‍, 40 ഐസിയു, 15 വെന്റിലേറ്റര്‍ എന്നിവ ഇവിടെ ക്രമീകരിക്കും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയെ കോവിഡിന്റെ പ്രാഥമിക കേന്ദ്രമാക്കി മാറ്റും. ടെസ്റ്റിങ് വിപുലമായി നടത്താനുള്ള സൗകര്യം അവിടെയുണ്ട്.

കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചു കൂടുതല്‍ റിസല്‍ട്ടുകള്‍ വരുന്നു. ചില അടിയന്തര നടപടികള്‍ അവിടെ സ്വീകരിക്കണം. അവിടത്തെ മെഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങും. സര്‍ക്കാരും ജനങ്ങളും ഈ ഘട്ടത്തില്‍ കൂടുതല്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

കര്‍ണാടകയും കേരളവും അതിര്‍ത്തി പങ്കിടുന്നതിനാല്‍ വിവിധ പ്രദേശങ്ങള്‍ വഴി യാത്ര ചെയ്യാം. റോഡില്‍ മണ്ണിട്ട് കര്‍ണാടക ഗതാഗതം തടയുകയാണ്. ഇതു കേന്ദ്ര നിര്‍ദേശത്തിന് എതിരാണ്.

രോഗബാധയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കഴിഞ്ഞവരും നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇത്തരക്കാരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം.

പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നിവ ചികില്‍സിക്കുന്നവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം. മറ്റുള്ളവര്‍ രോഗവാഹകനോ മറ്റോ ആയാല്‍ പ്രശ്‌നമാകും. രോഗം വന്നില്ലെങ്കിലും സംഭാവന ചെയ്യാന്‍ ഇത്തരക്കാര്‍ക്കു സാധിക്കും.

Post a Comment

0 Comments