NEWS UPDATE

6/recent/ticker-posts

അധോലോകനായകന്‍ രവിപൂജാരിയെ കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും

കാസര്‍കോട്: ഏഴുവര്‍ഷം മുമ്പുനടന്ന ചെര്‍ക്കള ബേവിഞ്ച വെടിവെപ്പ് കേസിന്റെ സൂത്രധാരനായ അധോലോക നായകന്‍ രവി പൂജാരിയെ കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.[www.malabarflash.com]

ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി മുഹമ്മദിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതികളില്‍ ഒരാളാണ് രവിപൂജാരി. 2013 ജൂലായ് 18ന് പുലര്‍ച്ചെയാണ് മുഹമ്മദിന്റെ വീടിന് നേരെ ഒരു സംഘം വെടിയുതിര്‍ത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഉപ്പളയിലെ കാലിയാറഫീഖ് ഉള്‍പ്പെടെ എട്ടുപേരെ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ് പി  ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

കള്ളക്കടത്ത് സംഘം വെടിവെച്ച് കൊന്ന കാസര്‍കോട്ടെ ഷഹനാസ് ഹംസ 50 കോടിയുടെ സ്വര്‍ണം ഏല്‍പിച്ചിട്ടുണ്ടെന്നും ഇതില്‍നിന്നും കോടികളുടെ സ്വര്‍ണം വേണമെന്നും ആവശ്യപ്പെട്ട് ബേവിഞ്ചയിലെ കരാറുകാരനായ മുഹമ്മദ്കുഞ്ഞിയെ അധോലോക സംഘം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പണം നല്‍കാത്തതിന്റെ വിരോധത്തില്‍ അധോലോകസംഘം മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീടിനുനേരെ രണ്ടുതവണ വെടിവെക്കുകയായിരുന്നു. ഈ കേസില്‍ ആദ്യം അറസ്റ്റിലായ നാലംഗസംഘമാണ് ബംഗളൂരു ജയിലില്‍ വെടിവെപ്പ് സംബന്ധിച്ച ഗൂഢാലോചന നടത്തിയിരുന്നത്. അധോലോക നേതാവ് രവി പൂജാരി, വിശ്വസ്തനായ കലി യോഗേഷ് എന്നിവരാണ് വെടിവെപ്പിനായി സംഘത്തെ നിയോഗിച്ചിരുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ ആദ്യം ഡല്‍ഹിയിലെത്തിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ ബംഗളൂരുവിലേക്ക് കൊണ്ടുവരികയുമായിരുന്നു.

കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. നീണ്ട 15 വര്‍ഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു. രവി പൂജാരിക്കെതിരെ കര്‍ണാടകയില്‍ 79 കേസുകളുണ്ട്. ഇതില്‍ 39 എണ്ണം മംഗളൂരുവിലാണ്.

കൊലപാതകം, സാമ്പത്തിക തട്ടിപ്പ്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, അക്രമം തുടങ്ങിയകേസുകളാണുള്ളത്.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പോലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്.

ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലിലെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

Post a Comment

0 Comments