Top News

ഡല്‍ഹിയില്‍ 'ജയ്ശ്രീറാം' വിളിച്ച് കലാപകാരികള്‍; പള്ളിക്ക് മുകളില്‍ ഹനുമാന്‍ കോടി, വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ സംഘപരിവാര്‍ തുടങ്ങിവച്ച ആക്രമണം മുസ് ലിം വിരുദ്ധ കലാപമായി പടരുന്നു. ജയ് ശ്രീറാം വിളിച്ച് ആയുധങ്ങളുമായി എത്തിയ സംഘം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ് ലിംകളെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാത്രി വൈകിയും മുസ് ലിം വീടുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്ത വരുന്നത്.[www.malabarflash.com]

ഡല്‍ഹിയിലെ അശോക് നഗറിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി അഗ്‌നിക്കിരയാക്കുകയും മിനാരത്തില്‍ കയറി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു. 'ജയ് ശ്രീറാം, 'ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്' എന്നീ മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം ആക്രമകാരികളാണ് പള്ളി തകര്‍ത്ത് ഹനുമാന്‍ കൊടി നാട്ടിയത്.

പുറത്ത് നിന്നുള്ളവര്‍ സംഘടിച്ചെത്തിയാണ് പലയിടങ്ങളിലും ആക്രമണം അഴിച്ചുവിടുന്നത്. പുറത്ത് നിന്ന് എത്തിയവരാണ് കലാപത്തിന് പിന്നിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളും ആരോപിച്ചിരുന്നു. പള്ളി പരിസരത്തുള്ള ഫൂട്‌വെയര്‍ ഷോപ്പടക്കമുള്ള കടകളെല്ലാം കൊള്ളയടിച്ച അക്രമി സംഘം പ്രദേശത്തുള്ളവരല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ അശോക് നഗറില്‍ വളരെ കുറച്ച് മുസ്‌ലിം വീടുകളേയുള്ളൂവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം, രണ്ടു ദിവസമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയതായി ഗുരുതേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഭജന്‍പൂര ചൌക്കില്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം തടയാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് ഡല്‍ഹി പോലിസ്.

കര്‍വാല്‍ നഗറില്‍ മുസ്‌ലിം പള്ളിയും സമീപത്തുള്ള കുടിലുകളും അക്രമികള്‍ കത്തിച്ചു.135 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കര്‍വാല്‍ നഗര്‍, മൗജ്പൂര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍, കദംപുരി എന്നിവിടങ്ങളില്‍ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്.

ആക്രമണം വ്യാപിച്ച സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ജഫ്രാബാദിലേക്കുള്ള റോഡ് പോലിസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post