NEWS UPDATE

6/recent/ticker-posts

സ്വകാര്യ സ്‌കൂളുകളില്‍ അനുമതിയില്ലാതെ മതപഠനം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സ്‌കൂളുകളില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ മതപഠന ക്ലാസുകള്‍ നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണമെന്ന് ഹൈക്കോടതി.[www.malabarflash.com] 

സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയില്‍ വിധി പറയവേയാണ് കോടതി നിര്‍ദേശം. 

പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മത വിഭാഗത്തെക്കുറിച്ച് മാത്രം ക്ലാസ് ലഭ്യമാക്കുകയും മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

രക്ഷിതാക്കളുടെ അറിവോടെ വിവിധ മതങ്ങളെ ആധാരമാക്കി മതപഠന ക്ലാസുകള്‍ നടത്തണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. 

മതപ്രചാരണത്തിനു സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതു പാടില്ല. തന്റെ ചുറ്റുമുള്ള വ്യത്യസ്തതകളെ സ്വീകരിക്കാന്‍ കുട്ടികളുടെ മനസിനെ ഒരുക്കുന്നതു വ്യത്യസ്ത സംസ്‌കാരങ്ങള്‍ കലര്‍ന്നുള്ള വിദ്യാഭ്യാസമാണ്. സ്വകാര്യ സ്ഥാപനങ്ങളായാലും അവ പൊതു കര്‍ത്തവ്യം നിറവേറ്റുന്നതിനുള്ളതാണ്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാറിന് മേലുള്ള ബാധ്യതയാണ് സ്വകാര്യ വിദ്യാലയങ്ങള്‍ നടപ്പാക്കുന്നത്.

സര്‍ക്കാര്‍ അനുമതിയോടെ പൊതു ചുമതല നിര്‍വഹിക്കുമ്പോള്‍ അത് ഭരണഘടനാനുസൃതമായിരിക്കണം. പ്രത്യേക മതവിഭാഗത്തിന്റെതായ മതപഠന ക്ലാസുകള്‍ നടത്തുന്നതായി കണ്ടെത്തി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവില്‍ അപാകതയില്ലന്ന് കോടതി വിലയിരുത്തി.

Post a Comment

0 Comments