Top News

കാസർകോട് ജില്ലാ പഞ്ചായത്ത് ലൈഫ് മിഷൻ കുടുംബ സംഗമം ജനുവരി 25ന്

കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് മിഷൻ കുടുംബ സംഗമം ജനുവരി 25 ന് കാസര്‍കോട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സംഗമം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.[www.malabarflash.com]

എൻ.എ നെല്ലിക്കുന്ന് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ സ്വാഗതം പറയും. 

എം.എൽ.എമാരായ എം.സി. ഖമറുദ്ദീൻ, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലയിലെ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത്, നഗരസഭാ അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിക്കും. ലൈഫ് മിഷൻ ഉദ്ദേശ്യം, ലക്ഷ്യം, സാക്ഷാത്കാരം എന്ന വിഷയത്തിൽ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത് പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ നന്ദി പറയും.

സംഗമത്തില്‍ ജില്ലയിലെ 38 ഗ്രാമ പഞ്ചായത്ത്, 3 നഗരസഭകളിൽ നിന്നായി 800 ഓളം ഗുണഭോക്താക്കളും ഗ്രാമസേവകന്മാരും പങ്കെടുക്കും. ഒരു വാര്‍ഡിൽ നിന്നും ഒരു ഗുണഭോക്താവ് എന്ന രീതിയില്‍ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് / മുനിസിപ്പൽ വാർഡുകളിൽ നിന്നും ഗുണഭോക്താക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും.

ലൈഫ് മിഷന്‍ കുടുംബ സംഗമത്തിൽ ഓരോ പഞ്ചായത്തിലെയും മികച്ച ഗുണഭോക്താവിനെ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കും. പഞ്ചായത്ത് ഭരണസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. കൂടാതെ ലൈഫ് മിഷൻ പദ്ധതിയോട് അനുബന്ധിച്ച പ്രവര്‍ത്തനങ്ങൾ 100 ശതമാനം പൂര്‍ത്തികരിച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ട് നിര്‍വഹണ ഉദ്യോഗസ്ഥരെ കണ്ടെത്തി ആദരിക്കും.

Post a Comment

Previous Post Next Post