Top News

ജുവലറി ഉടമയില്‍നിന്ന് 80 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കോഴിക്കോട്: നല്ലളം ആരീക്കാടിലെ ജുവലറി ഉടമയില്‍നിന്ന് 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍.[www.malabarflash.com] 

നിരവധി കേസുകളില്‍ പ്രതിയായ ചെട്ടിപ്പടി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കിഷോറിന് പുറമേ സുമോദ്, സുമേഷ്, സുഭാഷ് എന്നിവരാണ് പോലീസ് പിടിയിലായത്.

ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജുവലറി ഉടമ കടയടച്ച് പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി ഒരു പച്ചക്കറി കടയിലെത്തി സാധനം വാങ്ങുന്നതിനിടയില്‍ ബൈക്കില്‍ സൂക്ഷിച്ച ബാഗ് പ്രതികള്‍ തന്ത്രപൂര്‍വ്വം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

നഗരത്തിലേ ഒരു ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ തോക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മോഷണ കേസ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ വഴി ലഭിച്ച വിവരങ്ങളും പ്രതികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു.

മോഷ്ടിച്ച് സ്വര്‍ണം പ്രതികള്‍ വീതിച്ചെടുക്കുകയും ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തതായി പോലീസ് പറയുന്നു. ഈ സ്വര്‍ണം വിവിധ ജുവലറികളില്‍ വില്‍പന നടത്തിയതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികള്‍ വന്‍കിട ഹോട്ടലുകളില്‍ താമസിച്ചതായും ഗോവ, വീഗാലാന്റ് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തിയതായും പോലീസ് കണ്ടെത്തി. 

പ്രതികള്‍ വില്‍പന നടത്തിയ സ്വര്‍ണവും ബന്ധുക്കള്‍ക്ക് കൈമാറിയ സ്വര്‍ണവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post