തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗമെന്നും കെസി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനതീതമായി പൊതുപ്രവർത്തനത്തിൽ സ്വീകാര്യനായ നേതാവാണ് അദ്ദേഹമെന്ന് ബെന്നി ബഹന്നാൻ എംപി പറഞ്ഞു.
സ്വന്തം ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസെന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവും അദ്ദേഹത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം
രാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്. തനിക്ക് ശരിയെന്ന് തോന്നുന്നതായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ബോധ്യം. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.
ഉന്നത രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് വി എസെന്ന് ബെന്നി ബഹന്നാൻ പ്രതികരിച്ചു. യഥാർത്ഥ കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് കണ്ണും കരളുമായിരുന്നു. രാഷ്ട്രീയ നേതാവ് നിലയിലും ഭരണകർത്താവ് എന്ന നിലയിലും വിഎസിന്റെ പേര് എന്നും തിളക്കത്തോടെ ഉണ്ടാകും. രാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവർത്തനത്തിൽ സ്വീകാര്യനായ നേതാവാണ്. പാരമ്പര്യവും തഴക്കവുമുള്ള വിഎസിന്റെ വിയോഗം കേരളത്തിന് വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിൽ പല കാര്യങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്യാൻ അവസരം ഉണ്ടായിട്ടുണ്ടെന്ന് പിജെ ജോസഫ് ഓർമ്മിച്ചെടുത്തു. ദുർബല ജന വിഭാഗങ്ങൾക്ക് വേണ്ടി അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു. എല്ലാ കാര്യങ്ങളും അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു. വിപ്ലവ വീര്യം സിരകളിലുണ്ടായിരുന്ന നേതാവാണ് വിഎസ്. ഏറെ വാത്സല്യമുണ്ടായിരുന്നു. തീരാ നഷ്ടമാണ് വിഎസിൻ്റെ വേർപാട്. ദുർബല ജനവിഭാഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്നും പിജെ ജോസഫ് പ്രതികരിച്ചു.
0 Comments