ഷിംല: ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവർഗത്തിൽപ്പെട്ട സഹോദരൻമാർ ഒരു യുവതിയെ വിവാഹം കഴിച്ചു. നൂറുകണക്കിന് ആളുകൾ വിവാഹത്തിന് സാക്ഷികളായി. യാതൊരു സമ്മർദവുമില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് വധു സുനിത ചൗഹാനും വരന്മാരായ പ്രദീപും കപിൽ നേഗിയും മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 12ന് ആരംഭിച്ച ചടങ്ങുകൾ മൂന്നു ദിവസം നീണ്ടുനിന്നു. വിവാഹ ചടങ്ങിന്റെ വിഡിയോകൾ ഇന്റർനെറ്റിൽ വൈറലായി.[www.malabarflash.com]
ഹിമാചൽ പ്രദേശിലെ നിയമങ്ങൾ ഈ ആചാരത്തെ അംഗീകരിക്കുന്നുണ്ട്. ‘ജോഡിദാര’ എന്നാണ് ആചാരത്തിനു പേര്. ബധാന ഗ്രാമത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങൾ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആചാരത്തെക്കുറിച്ച് അറിയാമായിരുന്നെന്നും, യാതൊരു സമ്മർദവുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും വധു സുനിത പറഞ്ഞു.
ഷില്ലായി ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് സർക്കാർ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരൻ കപിലിനു വിദേശത്താണ് ജോലി. ഈ ആചാരം പിന്തുടർന്നതിൽ അഭിമാനമുണ്ടെന്നും ഇതൊരു കൂട്ടായ തീരുമാനമായിരുന്നെന്നും പ്രദീപ് പറഞ്ഞു. ഹിമാചൽ പ്രദേശ്-ഉത്തരാഖണ്ഡ് അതിർത്തിയിലുള്ള സമൂഹമാണ് ഹട്ടി. മൂന്നു വർഷം മുൻപ് ഇവരെ പട്ടികവർഗമായി പ്രഖ്യാപിച്ചു. ഈ ഗോത്രത്തിൽ നൂറ്റാണ്ടുകളായി ബഹുഭർത്തൃത്വം നിലവിലുണ്ട്. എന്നാൽ, സാമൂഹിക മാറ്റങ്ങൾ സംഭവിച്ചതിനാൽ ബഹുഭർത്തൃത്വ കേസുകൾ അടുത്തെങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. പൂർവിക സ്വത്ത് വിഭജിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഈ ആചാരം നിലവിൽ വന്നതെന്ന് സമുദായ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments