NEWS UPDATE

6/recent/ticker-posts

ചെങ്കളയില്‍ പാര്‍ട്ടി തോല്‍ക്കുകയായിരുന്നില്ല, നീ പാര്‍ട്ടിയെ തോല്‍പ്പിക്കുകയായിരുന്നു...യൂത്ത് ലീഗ് നേതാവിനെതിരെ കരീം കുണിയയുടെ ഫെയിസ്ബുക്ക് കുറിപ്പ് വൈറലാവുന്നു

കാസറകോട്: ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായ സഹചര്യത്തില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ ഫെയിസ്ബുക്ക് കുറിപ്പ് വൈറലാവുന്നു.[www.malabarflash.com]


ചെങ്കള ഡിവിഷനില്‍ യൂത്ത് ലീഗ് ജില്ലാ നേതാവ് ടി ഡി കബീറിനെതിരെ ഷാനവാസ് പാദൂര്‍ അട്ടിമറി വിജയത്തിന് പിന്നാലെയാണ് ടി ഡി കബീറിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ജില്ലയിലെ ലീഗിന്റെ പ്രഗത്ഭനായ നേതാവ് കരീം കുണിയ രംഗത്ത് വന്നത്. 

കരീം കുണിയയുടെ ഫെയിസ്ബുക്ക് കുറിപ്പില്‍ നിശിതമായ ഭാഷായിലാണ് കബീറിനെ വിമര്‍ശിക്കുന്നത്.

ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട TD കബീർ,
നിന്റെ കുറിപ്പ് FB യിൽ വായിച്ചു.
ചില വിയോജിപ്പുകൾ കുറിക്കട്ടെ.
ചെങ്കളയിൽ
പാർട്ടി തോൽക്കുകയായിരുന്നില്ല.
നീ പാർട്ടിയെ തോൽപ്പിക്കുകയായിരുന്നു.
നിന്റെ അഹങ്കാരവും ധാർഷ്ട്യവും പാർട്ടിയെ തോൽപ്പിക്കുകയായിരുന്നു.
ചെങ്കള udf ന്റെ കോട്ടയാണ്.
ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പാർട്ടിക്ക് സുന്ദരമായി ജയിച്ച് കയറാവുന്ന മണ്ണ്.
സുഫൈജ എന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ ടീച്ചറെ PB അഹമ്മദ്‌ എന്ന ഒരുകാലത്തെ INL ന്റെ ജില്ലയിലെ എണ്ണം പറഞ്ഞ നേതാവ് തല കുത്തി മറിഞ്ഞിട്ടും തോൽപ്ക്കാൻ കഴിയാതെ ലീഗിന്റെ ഹരിതക്കൊടി ഉയർന്നു തന്നെ പറന്ന മണ്ണ്.
ആ മണ്ണിലാണ് നീ തോറ്റ് പോയത്.
ആ തോൽവി കൊണ്ട് ഒരു പ്രസ്ഥാനത്തിന് നഷ്ടമായിപ്പോയത് ജില്ലാ പഞ്ചായത്തിന്റെ ഭരണമാണ്.
നിന്റെ നാണം കെട്ട പരാജയത്തിനു പണാധിപത്യത്തിന്റെ പേര് പറഞ്ഞു കൈ കഴുകാൻ നിനക്ക് എന്ത് അർഹതയാണ് ഉള്ളത്..?
അഹങ്കാരവും, ധിക്കാരവും ധാർഷ്ട്യവും, കൂടെ മാഫിയ ബന്ധങ്ങളും പിന്തുണക്കാൻ പണച്ചാക്കുകളും നിന്റെ കൂട്ടിനെത്തിയപ്പോൾ നീ ചവിട്ടി മൂലയിലിരുത്തിയ ഒരുപാട് പാവം ലീഗ് പ്രവർത്തകരും യൂത്ത് ലീഗ് msf നേതാക്കളും ഉണ്ടായിരുന്നു.
സ്വന്തം അധികാരം ഉറപ്പിക്കാൻ പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരെയൊക്കെ നീ മൂലക്കിരുത്തി.
msf ൽ വളർന്നു വരുന്ന കുട്ടികളെ പ്പോലും നാണമില്ലാതെ നീ ഒതുക്കി.
പാർട്ടിക്ക് ഗുണകരമകേണ്ടിയിരുന്ന ചിന്താ ശേഷിയെയും കഴിവുകളെയും നീ ചവിട്ടി ഒതുക്കി. msf ന് കഴിഞ്ഞ കാലങ്ങളിൽ ജില്ലയിൽ നേതൃത്വം നൽകിയ കഴിവുറ്റ ഒരു നേതൃ നിര എവിടെയാണ്? ജില്ലാ യൂത്ത് ലീഗിന്റെ പ്രവർത്തക സമിതിയിൽ നിന്ന് പോലും വെട്ടി നിരത്തി നീ നിന്റെ ഭാവി സുരക്ഷിതമാക്കി.
തന്നെക്കാൾ കഴിവുള്ള പ്രവർത്തകരെ കാണുമ്പോൾ അവരെ കൈപിടിച്ച് നേതൃ നിരയിലേക്ക് കൊണ്ടുവരുന്നവനാണ് നേതാവ്. അവർ വളർന്നാൽ ഭീഷണിയാകുമെന്ന് കരുതി അവരെ msf ന്റെ ജില്ലാ കമ്മിറ്റിയിൽ പോലും എത്തതിരിക്കാൻ രാത്രിയിൽ ഗ്രൂപ്പ്‌ കളിക്കാൻ നേതൃത്വം നൽകുന്നവനല്ല നേതാവ്.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എന്ന പദവി ഉപയോഗിച്ച് പാർട്ടിയിൽ നീ ആധിപത്യം സ്‌ഥാപിക്കാൻ ഇറങ്ങിയപ്പോൾ സാധാരണ പാർട്ടി പ്രവർത്തകനോട് ഒന്ന് പുഞ്ചിരിക്കാൻ പോലും നീ മറന്നുപോയി.
ഓർമ്മയുണ്ടോ നിനക്ക് ആ ദിവസം.
മാങ്ങട്ടെ ലീഗ് ഓഫീസിൽ വെച്ച് എന്നോട് വെല്ലുവിളിച്ച ദിവസം. നിന്നെപ്പോലെ രാഷ്ട്രീയത്തിലെ കീടങ്ങളോട് നിഴൽ യുദ്ധം നടത്താൻ മനസ്സില്ലാഞ്ഞിട്ടാണ് ഞാനൊക്കെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു പോയത്.
മാഫിയ ബന്ധങ്ങളും പിന്തുണക്കാനും ഉയർത്തിക്കാട്ടനും പണച്ചാക്കുകളും കൂടെ ഉള്ളപ്പോൾ നിന്നെപ്പോലെ ഒരാളോട് യുദ്ധം ചെയ്യാൻ എന്നെപ്പോലെ പലർക്കും കഴിഞ്ഞില്ല. പലരും നിന്നോട് സന്ധി ചെയ്തു. പലരെയും നീ പലതും കൊടുത്ത് കൂടെ കൂട്ടി. അതിൽ മണലെടുക്കുന്ന കടവുകളുണ്ടായിരുന്നു.
ബിനാമി പേരിൽ pwd വർക്കുകൾ ഉണ്ടായിരുന്നു.
ഓർമ്മയുണ്ടോ ആ ദിവസം?
ഞാൻ പുല്ലൂർ പെരിയ പഞ്ചായത്തിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നപ്പോൾ നീയും നിന്റെ ശിങ്കിടിയായ മറ്റൊരു യൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹിയും എന്നെ കാണാൻ വന്ന ദിവസം..
പുല്ലൂർ പെരിയയിൽ മണൽ എടുക്കാൻ പുതിയ കടവ് ഉണ്ടാക്കാനുള്ള നിർദേശവുമായി.
അന്ന് നിന്നോട് No പറഞ്ഞപ്പോൾ നീ എനിക്ക് വാഗ്ദാനം ചെയ്തത് മൊത്തം ലാഭത്തിന്റെ 30% ആയിരുന്നു.
ഒന്നും ചെയ്യണ്ട. നിന്റെ കൂടെ നിന്ന് തരാൻ വേണ്ടി മാത്രം.
നിന്റെ മാഫിയ ബന്ധങ്ങൾക്ക് എന്റെ പദവികൾ ഉപയോഗിക്കാൻ വിസമ്മതിച്ചപ്പോൾ അന്ന് നീ പാർട്ടിയിൽ എനിക്കെതിരെ തുടങ്ങിയ പടയൊരുക്കം.
ഒടുക്കം മനം മടുത്തു പാർട്ടിയുടെ പദവികളും രാഷ്ട്രീയവും ഉപേക്ഷിച്ചു പോരുമ്പോൾ ഞാനും കാത്തിരുന്നു...
ഒരു നാൾ നിന്നെ വീഴ്ത്താൻ മറ്റൊരാൾ ജന്മം കൊള്ളുമെന്ന്. ആഗ്രഹിച്ചിരുന്നു നിന്റെ വീഴ്ച.
ഷാനവാസിന്റെ രൂപത്തിൽ ആ വ്യക്തി ജന്മം കൊള്ളൂമെന്ന് ഒട്ടും നിനച്ചില്ല.
എല്ലാ കാലത്തും ഒരാൾ അധികാരത്തിന്റെ ഉന്നതിയിൽ വിരാജിക്കുമെന്ന് നീ നിനച്ചിരുന്നോ?
നിന്റെ പരാജയത്തിന് പണാധിപത്യത്തെ നീ
പഴി ചാരുമ്പോൾ, നിനക്ക് മത്സരിക്കാൻ ചെങ്കള സീറ്റ്‌ കിട്ടിയത് എങ്ങിനെയെന്ന് സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് അറിയില്ലായിരിക്കും.
പക്ഷേ, എന്നെപ്പോലെ ലീഗിനെ പ്രാണാനായി കാണുന്ന ഒരുപാട് പേർക്ക് അറിയാം.
പള്ളിക്കരയിലെ പണച്ചാക്കിന്റെ പിന്തുണയിൽ തരപ്പെടുത്തിയ സീറ്റിൽ മത്സരിച്ച നീ പണാധിപത്യത്തെ കുറിച്ച് വാചാലമാകരുത്. കേൾക്കുമ്പോൾ ഭയങ്കര ബോറാണ് നേതാവേ.
ജില്ലയിലെ മുസ്ലിം യുവതയെ നയിക്കുന്ന ഒരാൾ ഇങ്ങനെയല്ല ആകേണ്ടത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ, അവന്റെ പ്രയാസങ്ങൾ,
മുസ്ലിം യുവതക്ക് സുരക്ഷിതത്വ ബോധം പകർന്ന് തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ അവരെ ചേർത്തു നിർത്തണം. യുവജനങ്ങളുടെ പ്രശ്നങ്ങൾ, തൊഴിൽ സംരംഭങ്ങൾ, വികസന അജണ്ടകൾ, അഴിമതി... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ.
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതൊക്കെ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നോ?
അടുത്ത തവണ ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡന്റ്‌ പദവി ലക്ഷ്യം വെച്ച് നീ നടത്തുന്ന നീക്കങ്ങൾ വിജയിക്കുമായിരിക്കാം...നീ ചെല്ലും ചെലവും കൊടുത്ത് വളർത്തിയെടുത്ത കുഴലൂത്തുകാർ ഇപ്പഴും പാർട്ടിയുടെ ഘടകങ്ങളിൽ വിരാജിക്കുന്നുണ്ട്.
പക്ഷേ,
ജില്ലയിലെ ആത്മാർത്ഥതയുള്ള യൂത്ത് ലീഗ് പ്രവർത്തകരെ നയിക്കാൻ താങ്കൾ യോഗ്യനല്ല കബീർ. നിങ്ങളുടെ യോഗ്യത അളക്കാൻ ഞാൻ ആളല്ലായിരിക്കാം. പക്ഷേ, ഒരുപാട് യൂത്ത് ലീഗ് പ്രവർത്തകർ അച്ചടക്കത്തിന്റെ വാൾ ഭയന്ന് നിന്നോട് പറയാൻ മടിക്കുന്നത് ഞാൻ പറഞ്ഞുവെന്നു മാത്രം.
അല്പം അന്തസ്സ് ബാക്കി ഉണ്ടെങ്കിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പദവി
രാജിവെച്ചു മാതൃക കാണിക്കൂ...
കാരണം നിന്നെക്കൊണ്ട് ഈ പാർട്ടിക്ക് നഷ്ടമായിപ്പോയത് ഒരു ജില്ലാ പഞ്ചായത്താണ്. നിന്നെപ്പോലുള്ളവരെ കൊണ്ട് പാർട്ടിക്ക് ഇല്ലാതായിപ്പോകുന്നത് കഴിവുള്ള ഒരു തലമുറയാണ്.
പൊതു ജനത്തെ സേവിക്കാൻ ഇറങ്ങും മുൻപ് പാർട്ടി പ്രവർത്തകരുടെ മനസ്സ് അറിയാൻ ശ്രമിക്കൂ...
അവരുടെ നെഞ്ചിൽ ഉറപ്പിച്ചു തരുന്ന കസേരയേക്കാൾ ഒരു മഹത്വവും ഒരു പഞ്ചായത്തിലും 5 വർഷത്തേക്ക് ഇട്ട് തരുന്ന കസേരക്ക് ഇല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ..
-കരീം കുണിയ-

പ്രിയപ്പെട്ട TD കബീർ, നിന്റെ കുറിപ്പ് FB യിൽ വായിച്ചു. ചില വിയോജിപ്പുകൾ കുറിക്കട്ടെ. ചെങ്കളയിൽ പാർട്ടി...

Posted by Kareem Kuniya on Friday, 18 December 2020

Post a Comment

0 Comments