തൃശൂർ: ഏഴ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെ.പി.സി.സി സെക്രട്ടറി അന്നമനട പാലിശ്ശേരി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (സി.എസ്. ശ്രീനിവാസൻ -54) അറസ്റ്റിൽ. തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കേസിൽ നേരത്തെ അറസ്റ്റിലായ പുഴയ്ക്കൽ ശോഭ സിറ്റി ടോപ്പാസ് ഫ്ലാറ്റിലെ താമസക്കാരൻ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്. തൃശൂർ ചക്കാമുക്കിൽ ഹിവാൻ നിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നിവയുടെ ഡയറക്ടർമാരാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ചും റിസർവ് ബാങ്കിന്‍റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നൽകാതെയും വിശ്വാസ വഞ്ചന നടത്തിയതിന് തൃശൂർ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
18 കേസുകൾ രജിസ്റ്റർ ചെയ്തു. 62 പരാതിക്കാരുണ്ട്. വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് സി ബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. ശ്രീനിവാസനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്ക് അയച്ചു. ‘ബഡ്സ്’ (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപോസിറ്റ് സ്കീംസ്) ആക്ട് പ്രകാരം പ്രതികളുടെയും മറ്റ് ഡയറക്ടർമാരുടെയും സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
0 Comments