NEWS UPDATE

6/recent/ticker-posts

ഡോക്ടറെ മര്‍ദിച്ചു, കൈകാലുകള്‍ കെട്ടിയിട്ടു; വീട്ടില്‍നിന്ന് കവര്‍ന്നത് 100 പവനും 20 ലക്ഷം രൂപയും

പഴനി: പഴനി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉദയകുമാറിനെ (55) മര്‍ദിച്ച് 100 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും കവര്‍ന്നു. മൂന്നംഗസംഘം മുഖംമൂടി ധരിച്ചാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


പഴനി അണ്ണാനഗറിലെ വീട്ടിലായിരുന്നു മോഷണം. ഈ സമയം ഡോക്ടര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ രേവതി ചെന്നൈയില്‍ മകളെ കാണാന്‍ പോയതായിരുന്നു. വെള്ളിയാഴ്ച വെളുപ്പിന് രണ്ടുമണിക്ക് വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. കത്തികൊണ്ട് കൈയില്‍ വെട്ടുകയുംചെയ്തു.

പിന്നീട് ഡോക്ടറുടെ കൈയും കാലും കെട്ടി, കത്തികാണിച്ച് ഭീഷണിപ്പെടുത്തി അലമാരയുടെ താക്കോല്‍ ചോദിച്ചുവാങ്ങി. അലമാരയില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷ്ടിച്ചു. മോഷ്ടാക്കള്‍ പോവുന്നസമയത്ത് ഡോക്ടറുടെ കെട്ട് അഴിച്ചിരുന്നു.

വീടിനുപുറത്തുവന്ന ഡോക്ടര്‍ അയല്‍വാസികളുടെ സഹായത്തോടെ പഴനി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പഴനി ഡി.എസ്.പി. ശിവശക്തി, ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിക്കേറ്റ ഡോ. ഉദയകുമാറെ ചികിത്സയ്ക്കായി പഴനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ദിണ്ടിക്കല്‍ ഡി.ഐ.ജി. അഭിനവ് കുമാര്‍, എസ്.പി. ഭാസ്‌കരന്‍ എന്നിവര്‍ ഡോക്ടറുടെ വീട്ടില്‍ പരിശോധനനടത്തി. വിരലടയാളവിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പഴനി ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments