NEWS UPDATE

6/recent/ticker-posts

മർകസ് നോളജ് സിറ്റി സമർപ്പണം ഉദ്‌ഘാടനം നാലിന്

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക സമർപണം വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ മാർച്ച് മുതൽ ആരംഭിക്കും. ഡിസംബറിൽ പൂർത്തീകരണ പ്രഖ്യാപനം നടത്തും. സിവിലിസ് എന്ന പേരിൽ 20 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.[www.malabarflash.com]


കൈതപ്പൊയിലിൽ 2012 ൽ നിർമാണം ആരംഭിച്ച മർകസ് നോളജ് സിറ്റി നഗര പദ്ധതി വിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച മർകസിന്റെ ഏറ്റവും പുതിയ സംരംഭമാണ്. 120 ഏക്കർ സ്ഥലത്ത് 2,000 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടൗൺഷി പ് (സംയോജിത നഗര പദ്ധതി) എന്ന ആശയം രാജ്യത്ത് തന്നെ വേറിട്ട പദ്ധതിയാണ്. 

വിദ്യാഭ്യാസം, സംസ്കാരം, പാർപ്പിടം, വാണിജ്യം എന്നിവയെ സമന്വയിപ്പിക്കുന്ന ചെറു നഗര മാതൃകയാണ് നോളജ് സിറ്റി യാഥാർഥ്യമാക്കിയത്. അറിവിന് പ്രാമുഖ്യം നൽകിയാണ് സിറ്റി നിർമിച്ചിരിക്കുന്നത്, ആധുനിക നിർമിതികളുടെ ചാരുതയും ആത്മീ യാനുഭവങ്ങളുടെ ശാന്തതയും സംസ്‌കൃതിയുടെ സൗന്ദര്യവും ആധുനികതയുടെ സാധ്യതകളുമായി നാഗരിക അനുഭവം സാധ്യമാക്കുകയാണ് മർകസ് നോളജ് സിറ്റിയെന്നും ഡോ. അസ്ഹരി പറഞ്ഞു. 

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നിയാണ് മർകസ് നോളജ് സിറ്റി പ്രവർത്തിക്കുന്നത്. അന്തർദേശീയ നിലവാരമുള്ള പഠന മികവിനും പശ്ചാത്തല സൗകര്യങ്ങൾക്കുമൊപ്പം പ്രതിബദ്ധരും സേവന സന്നദ്ധരുമായ പ്രൊഫഷനലുകളെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ, മെഡിക്കൽ കോളജ്, ലോ കോളജ്, ഗ്ലോബൽ സ്കൂൾ, ടെക്നോളജി സെന്റർ, മാനേജ്മെന്റ് സ്കൂൾ, ഫിനിഷിംഗ് സ്കൂൾ, ലൈബ്രറി, റിസർച്ച് സെന്റർ, ക്വീൻസ് ലാൻഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾ നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്.

'ലോഞ്ചിംഗ് ഇയർ' പരിപാടികളുടെ ആരംഭമായി മാർച്ച് നാലിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സി പി ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

തുടർന്ന് അന്താരാഷ്ട്ര മതസൗഹാർദ സമ്മേളനം, മലബാർ സാഹിത്യ സംഗമം, ഇന്ത്യ-ആസിയാൻ സാമ്പത്തിക ഫോറം, ദേശീയ ഭിന്നശേഷി സമ്മേളനം, മീഡിയ കോൺക്ലേവ്, വിദ്യാഭ്യാസ സെ മിനാർ, അനാഥ- അഗതി സമ്മേളനം, ലീഗൽ കൊളോക്കിയം, ആരോഗ്യ സമ്മേളനം, വിദ്യാർ ഥി അസംബ്ലി, ചരിത്ര സെമിനാർ, സൂഫി മെഹ്ഫിൽ, ടെക്കി സംഗമം, നാഗരിക സമ്മേളനം എന്നിവ വിവിധ സമയങ്ങളിലായി നടക്കും. 

സുസ്ഥിര വികസനം, ആരോഗ്യ ജീവിതം, നൈതിക വാണിജ്യം, പരിസ്ഥിതി സൗഹൃദ വളർച്ച, പാരമ്പര്യ വിജ്ഞാനം, വിവര സാങ്കേതിക വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, ലോക സമാധാനം, ജനാധിപത്യ ജനത, യുവജന- സ്ത്രീ ശാക്തീകരണം, നൂതന സംരംഭകത്വം തുടങ്ങിയവ ചർച്ച ചെയ്യുമെന്നും ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി ചീഫ് അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ അഡ്വ. തൻവീർ ഉമർ, മർകസ് നോളജ് സിറ്റി മാധ്യമ വക്താവ് അഡ്വ. സി അബ്ദുസ്സമദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments