NEWS UPDATE

6/recent/ticker-posts

കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി


ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി പദ്ധതി തയാറാക്കുന്നു. കഴിഞ്ഞ ക്രിസ്മസിനു 35,000 ക്രിസ്ത്യൻ കുടുംബങ്ങളിൽ നടത്തിയ സമ്പർക്ക പരിപാടിയുടെ മാതൃകയിൽ മുസ്‌ലിം സമുദായത്തിലെ അതീവ പിന്നാക്കക്കാരെക്കൂടി ലക്ഷ്യമിട്ടാണ് ഒരുക്കം.[www.malabarflash.com]

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങൾക്കു പുറമേ ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള മണ്ഡലങ്ങളിലാകുമിത്.

മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദു–മു‌സ്‌ലിം ധ്രുവീകരണ സാധ്യത കേരളത്തിലില്ലെന്ന തിരിച്ചറിവിലാണു ബിജെപി മുന്നോട്ടുപോകുന്നത്. ഹിന്ദുക്കളിലേറെയും എൽഡിഎഫിനൊപ്പവും ന്യൂനപക്ഷങ്ങൾ യുഡിഎഫിനൊപ്പവും നിൽക്കുന്ന രീതിയാണു കേരളത്തിലെന്നാണു വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിൽ ചെറിയ വ്യത്യാസമുണ്ടായി. ന്യൂനപക്ഷങ്ങൾ സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന അവസ്ഥ കേരളത്തിൽ ബിജെപിക്കു സാധ്യതയൊരുക്കുമെന്ന് ബിജെപിയുടെ ഉന്നത നേതാക്കളിലൊരാൾ നേരത്തേ സൂചിപ്പിച്ചിരുന്നു.

രാജ്യത്തു ന്യൂനപക്ഷങ്ങൾക്കു സ്വാധീനം കൂടുതലുള്ള 60 മണ്ഡലങ്ങൾക്കൊപ്പം കേരളത്തിലെ 8 മണ്ഡലങ്ങളിലും സമാനമായ സമ്പർക്ക പരിപാടികൾ നടത്തും. 60 മണ്ഡലങ്ങളിലായി 500 ബൂത്തുകൾ തിരഞ്ഞെടുത്ത് ഓരോ ബൂത്തിലും കുറഞ്ഞത് 10 ന്യൂനപക്ഷ കേഡറുകളെ നിയോഗിക്കും. ജോജോ ജോസ് (കോട്ടയം), നോബിൾ മാത്യു (പത്തനംതിട്ട), എം.അബ്ദുൽസലാം (കോഴിക്കോട്), സുമിത് ജോർജ് (ഇടുക്കി), അനീഷ് ആന്റണി (വയനാട്, കാസർകോട്), നിതിൻ ജേക്കബ് (വടകര, മലപ്പുറം) എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.

Post a Comment

0 Comments