Top News

‘എന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ’ ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് ബഹുനില മന്ദിരം നല്‍കി എംഎ യൂസഫലി

ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച സ്നേഹ സൗധമൊരുക്കി എംഎ യൂസഫലി. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം അമ്മമാര്‍ക്ക് സ്വന്തമായി നല്‍കി.[www.malabarflash.com]


മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍റെ സാന്നിധ്യത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാർ ചേർന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു.

എല്ലാ നന്മയുള്ള പ്രവർത്തനങ്ങളും ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ ചെയ്യുന്നതെന്നും അമ്മമാർക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് മെയിന്‍റനൻസ് ജോലികൾക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ താൻ ഗാന്ധിഭവന് നൽകും.

ഇത് തന്‍റെ മരണശേഷവും തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാർക്ക് വേണ്ടിയും സമാനമായ രീതിയിൽ മന്ദിരം നിർമ്മിക്കുമെന്ന് യൂസഫലി അറിയിച്ചു.

Post a Comment

Previous Post Next Post