NEWS UPDATE

6/recent/ticker-posts

ഡെന്‍സിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ചാലക്കുടി: നോര്‍ത്ത് ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കൂടുതല്‍ സ്ഥിരീകരണത്തിന് പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് ലഭിക്കണം. സംഭവം നടന്ന അബുദാബിയിലെ പോലീസിന്റെ റിപ്പോര്‍ട്ടും കേരള പോലീസിന്റെ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.[www.malabarflash.com]


വ്യാഴാഴ്ചയാണ് ഡെന്‍സിയുടെ മൃതദേഹം പരിശോധനയ്ക്കായി കല്ലറയില്‍നിന്ന് പുറത്തെടുത്തത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി, വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ശേഷം സെമിത്തേരിയില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചിരുന്നു.

2020 മാര്‍ച്ച് അഞ്ചിനാണ് ഡെന്‍സി അബുദാബിയില്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി ഹാരിസിനെയും ഡെന്‍സിയെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പാരമ്പര്യ വൈദ്യന്‍ ഷാബാഷരീഫിന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡെന്‍സിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയത്. 

ഷാബാഷരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദേശ പ്രകാരം അബുദാബിയില്‍ ഡെന്‍സിയെയും ഹാരിസിനെയും കൊലപ്പെടുത്തി എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

2019 ഡിസംബറിലാണ് ഡെന്‍സി ജോലി തേടി വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയത്. ഹാരിസിന്റെ സ്ഥാപനത്തില്‍ മാനേജരായി ജോലി ശരിയായെന്നും മാര്‍ച്ച് 20-ന് നാട്ടിലെത്തുമെന്നും വിസ അടിച്ചശേഷം തിരിച്ചു പോകുമെന്നും വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് മരണവാര്‍ത്തയാണ് എത്തിയത്.

Post a Comment

0 Comments