Top News

കലക്ടറേറ്റ് ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, മോഷ്ടാവ് മരിച്ചു

തിരുവനന്തപുരം:
 നാഗര്‍കോവില്‍ കലക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും പാലാ രാമപുരം സ്വദേശിയായ അമലിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നാഗര്‍കോവില്‍ കലക്ടറേറ്റിലെ ജീവനക്കാരിയായ പ്രേമികയുടെ പത്ത് പവന്റെ മാലയാണ് സജാദും അമലും പിടിച്ചുപറിച്ചത്. നാഗര്‍കോവിലില്‍നിന്നും താമസസ്ഥലമായ അരുമനയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ മേക്കാമണ്ഡപത്തിന് സമീപത്ത് വച്ചാണ് ഇരുവരും പ്രേമികയുടെ മാല പിടിച്ചുപറിച്ചത്. 

ശേഷം അമിത വേഗതയില്‍ തിരുവനന്തപുരം ഭാഗത്തേക്ക് തിരിച്ചു. അമിത വേഗതയില്‍ പാഞ്ഞ ബൈക്ക് പാരൂര്‍ക്കുഴിയില്‍ വച്ച് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് പ്രതികളുടെ പോക്കറ്റില്‍ നിന്ന് മാല കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണസംഘമാണെന്ന് തിരിച്ചറിഞ്ഞത്. 

നിരവധി കേസിലെ പ്രതിയാണ് അമല്‍ എന്ന് പോലീസ് പറഞ്ഞു. സജാദിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.ആക്രമണത്തിനിടെ പരുക്കേറ്റ പ്രേമിക സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post