Top News

രണ്ടു മക്കൾക്കൊപ്പം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതിയും മരിച്ചു

അങ്കമാലി: തുറവൂരിൽ രണ്ട് മക്കൾക്കൊപ്പം തീകൊളുത്തി യുവതിയും മരിച്ചു. അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടിൽ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (32) മരിച്ചത്. മക്കളായ ആതിര (ചിന്നു - ഏഴ്), അരൂഷ് (കുഞ്ചു - മൂന്ന്) എന്നിവർ നേരത്തേ മരിച്ചിരുന്നു.[www.malabarflash.com]


ബുധനാഴ്ച ഉച്ചക്ക് രണ്ട് മക്കളേയും കൂട്ടി വീട്ടിലെ കിടപ്പുമുറിയിൽ പ്രവേശിച്ച ശേഷം മുറിക്കകത്ത് സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അഞ്ജു മൂവരുടെയും ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു അഞ്ജു. കുട്ടികളുടെ ആർത്തിരമ്പിയുള്ള കരച്ചിലും മുറിയിൽ തീ ആളിപ്പടരുന്നതും കണ്ട് ബന്ധുക്കളും നാട്ടുകാരും പാഞ്ഞെത്തി വാതിൽ ചവുട്ടി പൊളിച്ച് നോക്കിയപ്പോൾ മൂവരും നിന്ന് കത്തുകയായിരുന്നു.

വെള്ളമൊഴിച്ചും ചാക്ക് നനച്ചെറിഞ്ഞും രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവമറിഞ്ഞ അങ്കമാലി അഗ്നി രക്ഷസേന സ്ഥലത്ത് കുതിച്ചെത്തി മൂവരേയും സേനയുടെ ആംബുലൻസിൽ കയറ്റി അങ്കമാലി എൽ.എഫ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രണ്ട് കുട്ടികളും വഴിമധ്യേ മരിച്ചു. ശരീരമാസകലം പൊള്ളലേറ്റ് അവശനിലയിലായ അഞ്ജുവിന്റെ നില കൂടുതൽ വഷളായതോടെ തൃശൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അനൂപ് ഒരു മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ വേർപ്പാടിന് ശേഷം തികഞ്ഞ നിരാശയോടെയായിരുന്നു അഞ്ജു ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്. അനൂപിന്റെ വേർപ്പാടിലുള്ള മനോവിഷമമാകാം കുട്ടികളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലിസ് പറയുന്നത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post