NEWS UPDATE

6/recent/ticker-posts

306 കിലോമീറ്റര്‍ മൈലേജുള്ള ടിഗോര്‍ ഇവിയുടെ വില ടാറ്റ പ്രഖ്യാപിച്ചു

സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി പരിഷ്‌കരിച്ച ടിഗോര്‍ ഇവിയെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ടിഗോര്‍ ഇ വിയുടെ വിലയും ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]

കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണവും ഇതോടെ ടിഗോറിന് സ്വന്തമാകും. രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമതയുള്ള വില കുറഞ്ഞ ഇവി കാര്‍ എന്ന പ്രത്യേകതയുമായാണ് ടിഗോര്‍ നിരത്തിലെത്തുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പുത്തന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും എന്നാണ് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നത്. എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ റേഞ്ച്.

ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനം ബുക്ക് ചെയ്യാം. നെക്‌സോണ്‍ ഇവിയിലെ സിപ്‌ട്രോണ്‍ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്‌സോണ്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്ന അതേ സിപ്‌ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉള്‍പ്പെടുത്തുക. നെക്സോണ്‍ ഇ.വി. 312 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കിയിട്ടുള്ളത്. കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കിയാണ് ടിഗോര്‍ ഇവി മുഖം മിനുക്കുന്നത്.

26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയുടെ ഹൃദയം. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇ.വിയില്‍ ഉണ്ട്. ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്.

സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് വാഹനം ചാര്‍ജ് ചെയ്താല്‍ 80 ശതമാനം എത്താന്‍ 8.5 മണിക്കൂര്‍ എടുക്കും. എന്നാല്‍ ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍കൊണ്ട് 80 ശതമാനം ചര്‍ജ് നിറയ്ക്കാം. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്ട്രോണ്‍ ടെകിന്റെ പ്രത്യേകതയാണ്. ഇതും ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഖം മിനുക്കിയെത്തിയ ടിഗോറിന് സമാനമായി മുന്‍വശത്ത് മാറ്റങ്ങള്‍ വരുത്തിയാണ് പുത്തന്‍ ടിഗോര്‍ ഇവിയുടെയും വരവ്. ഗ്രില്ലിന്റെ ഭാഗത്ത് ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള പാനല്‍ ഇലക്ട്രിക്ക് ടിഗോര്‍ പതിപ്പില്‍ ശ്രദ്ധക്കപെടാതിരിക്കില്ല. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളാണ് ടിഗോര്‍ ഇവിയെ പെട്രോള്‍, ഡീസല്‍ ടിഗോര്‍ മോഡലില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന എക്സ്റ്റീരിയര്‍ ഘടകം. ഹെഡ്‌ലാംപിന് താഴെയും ഫോഗ് ലാംപ് ഹൗസിങ്ങിലും, 15 അലോയ് വീലുകളില്‍ വരെ ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളുണ്ട്.

പ്രീമിയം ഭാവത്തിലാണ് ഇന്റീരിയറും. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഇന്റീരിയറിലും ഉള്‍പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്-ബേഡ് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹര്‍മന്‍ വികസിപ്പിച്ചിട്ടുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയാണ് അകത്തളത്തിന് മാറ്റ് കൂട്ടുന്നത്.

റിമോട്ട് കമാന്റ് ഉള്‍പ്പെടെ 30-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഈ വാഹനത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്. സിഗ്‌നേച്ചര്‍ ടീല്‍ ബ്ലൂ, ഡെയ്ടോണ ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ 2021 ടാറ്റ ടിഗോര്‍ ഇവി വാങ്ങാം. അതേസമയം പുതിയ വാഹനം ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Post a Comment

0 Comments