Top News

ഭാര്യയുടെ ശരീരം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതല്ല; ആ പെരുമാറ്റം വൈവാഹിക ബലാത്സംഗമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയുടെ ശരീരം ഭര്‍ത്താവിന്റെ ഉടമസ്ഥതയുള്ളതല്ലെന്നും ആ വിധത്തില്‍ പെരുമാറുന്നത് വൈവാഹിക ബലാത്സംഗമാണെന്നും ഹൈക്കോടതി. ഇത്തരം പരാതി വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി.[www.malabarflash.com]


ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നുവെന്ന വിവാഹമോചന ഹരജിയില്‍ കുടുംബ കോടതിവിധിക്കെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്. 

ലൈംഗികതയോടും ധനത്തോടുമുള്ള ഭര്‍ത്താവിന്റെ ആര്‍ത്തി മൂലമാണ് യുവതി വിവാഹമോചനത്തിനു തീരുമാനമെടുത്തതെന്ന് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയാസക്തിയും വഷളത്തവും നിറഞ്ഞ ഭര്‍ത്താവിന്റെ പെരുമാറ്റം സാധാരണ ദാമ്പത്യജീവിതമായി കണക്കാക്കാനാവില്ല. സെക്സിനോടുള്ള ഒടുങ്ങാത്ത ആര്‍ത്തി ക്രൂരത തന്നെയാണെന്ന് അപ്പീല്‍ തള്ളി കോടതി വ്യക്തമാക്കി.

വ്യക്തികള്‍ക്കു സ്വന്തം ശരീരത്തിനുമേലുള്ള സ്വകാര്യതാ അവകാശം അമൂല്യമാണ്. അതിനു മേലുള്ള ഏതു കടന്നുകയറ്റവും ക്രൂരത തന്നെയാണ്. വൈവാഹിക ബലാത്സംഗം ശിക്ഷിക്കാവുന്ന കുറ്റമായി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍പ്പോലും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാമെന്ന് കോടതി വിലയിരുത്തി.

ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അടുപ്പത്തിന്റെ പ്രതിഫലനമാണ് ലൈംഗികത. ഇവിടെ പരാതിക്കാരി എല്ലാ തരത്തിലുമുള്ള ലൈംഗിക വൈകൃതത്തിനും ഇരയായി. ഇത്തരം സഹനം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം ഭരണഘടന ഓരോരുത്തര്‍ക്കും നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മോചനം നിഷേധിച്ച് ഇത്തരം സഹനത്തിലേക്ക് ഒരാളെ തള്ളിവിടാന്‍ കോടതിക്കാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

Post a Comment

Previous Post Next Post