NEWS UPDATE

6/recent/ticker-posts

സി.ഐ. ചമഞ്ഞ് അരക്കോടി തട്ടി: അമ്മയും മകനും അറസ്റ്റിൽ

ആലുവ: പോലീസ് ടെലി കമ്യൂണിക്കേഷൻ സി.ഐ. ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ (50), മകൻ അഖിൽ (25) എന്നിവർ ആലുവ പോലീസിന്റെ പിടിയിലായി. പുത്തൻകുരിശ്, രാമമംഗലം സ്വദേശിയിൽനിന്ന് പല ഘട്ടങ്ങളിലായി 52 ലക്ഷം രൂപയാണ് ഇവർ വാങ്ങിയത്.[www.malabarflash.com]


ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചതാണ്. വർഷങ്ങൾക്കു ശേഷം പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പരിചയം പുതുക്കി.

ആലുവ ടെലി കമ്യൂണിക്കേഷനിൽ ഇൻസ്പെക്ടറാണെന്നു പറഞ്ഞ് വിശ്വാസം പിടിച്ചു പറ്റിയ ഉഷ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി.

മൊത്തം തുകയായ 52 ലക്ഷത്തിൽ 10 ലക്ഷം രൂപ അഖിലാണ് വാങ്ങിയത്. പകരം ബ്ലാങ്ക് ചെക്ക് നൽകുകയും ചെയ്തു. പിന്നീട് പണം നഷ്ടപ്പെട്ടയാൾ ഈ ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. സാമ്പത്തിക ഇടപാടിൽ പ്രശ്നങ്ങൾ ആരംഭിച്ചതോടെ ആറു ലക്ഷം രൂപ അമ്മയും മകനും തിരിച്ചുനൽകി.

കഴിഞ്ഞ വർഷം അവസാനമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ബാക്കി തുക ലഭിക്കാത്തതായി പരാതി ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം രൂപവത്‌കരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

Post a Comment

0 Comments