NEWS UPDATE

6/recent/ticker-posts

വറുതിയിലായ നാടൻകലാകാരൻമാരുടെ പ്രതിരൂപമായി നരി നാരായണന്റെ ബൈക്ക് യാത്ര മാവേലി വേഷമിട്ട്

ഉദുമ: പുളിക്കളി ആശാൻ മാവേലി വേഷമിട്ട് ബൈക്കിലൂടെ നഗര പ്രദക്ഷിണം നടത്തി 'പ്രജകൾ'ക്ക് അനുഗ്രഹം നൽകാനെത്തിയത് പാലക്കുന്നിലും ഉദുമയിലും ഉത്രാടം നാളിലെ കൗതുക കാഴ്ചയായി.[www.malabarflash.com] 

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റ ഭാഗമായി സ്വയം ഉൾവലിഞ്ഞുപോയ ഒട്ടനേകം കലാകാരന്മാരുടെ ദൈന്യതയുടെ പ്രതിരൂപമായാണ് പാലക്കുന്ന് ആദി ശക്തി നാടൻ കലാകേന്ദ്രത്തിന്റെ സ്ഥാപകനായ നരി നാരായണൻ ഈ യാത്ര നടത്തിയത് . 

ആറ് മാസത്തിനു ശേഷമാണ് ദേഹത്ത് ചായം തേച്ചത്. മുതിയക്കാൽ കുതിരക്കോട് കണ്ണോൽ വീട്ടിൽ നിന്ന് ഓലക്കുടയും ചൂടി തനിച്ചാണ് രാവിലെ 10 മണിക്ക്‌ ബൈക്കിൽ യാത്ര തുടങ്ങിയത്. കാൽനടയായി പരിവാര സമേതം യാത്ര ചെയ്താൽ ആളുകൾ കൂട്ടം കൂടി കോവിഡ് പ്രോട്ടോകോൾ ലംഘനമാകാതിരിക്കാനാണ് ബൈക്കിൽ യാത്ര. 

വഴിനീളെ കണ്ട പ്രജകളോട് കുശലം പറഞ്ഞും അവർക്കെല്ലാം മധുരമിട്ടായി നൽകിയും പാലക്കുന്ന്, പള്ളം, ഉദുമ ടൗണുകൾ കറങ്ങി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി. 

പ്രളയവും കോവിഡും മൂലം ക്ഷേത്രോത്സവങ്ങളും ഓണാഘോഷങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും നിലച്ചപ്പോൾ വറുതിയിലായവരിൽ നരിനാരായണനും അദ്ദേഹത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കേരളമടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറു കണക്കിന് നാടൻ കലാകാരന്മാരും പെടും. ഈ കലാകാരന്മാരുടെ ദൈന്യത സമൂഹത്തെ അറിയിക്കാനുള്ള ദൗത്യം കൂടിയാണ് ഈ ഒറ്റയാൾ യാത്രയെന്ന് ജില്ലക്കകത്തും വെളിയിലും നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ച് നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഏറ്റു വാങ്ങിയ നരി നാരായണൻ പറയുന്നു. .

Post a Comment

0 Comments