NEWS UPDATE

6/recent/ticker-posts

പ്രവാസികളെ ചേർത്തുപിടിക്കാൻ ഡ്രീം കേരള ; പൊതുജനങ്ങൾക്ക്‌ നിർദേശവും ആശയവും നൽകാൻ സംവിധാനം

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട്‌ ‘ഡ്രീം കേരള’ പദ്ധതി ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവാസികളുടെ അറിവും കഴിവും പ്രയോജനപ്പെടുത്തി വിവിധ വകുപ്പുകൾ സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.[www.malabarflash.com]

വിവിധ രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും മടങ്ങിവരുന്ന പ്രൊഫഷണലുകളും സംരംഭകരുമായ പ്രവാസികളുടെ കഴിവ്‌ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക്‌ നിർദേശവും ആശയവും നൽകാം. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോൺ നടത്തും. ഓരോ ആശയവും നടപ്പാക്കുന്നതിൽ വിദഗ്‌ധോപദേശം നൽകുന്നതിന് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്കു രൂപം നൽകും.

ആശയങ്ങൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയമുണ്ടാകും. നിർദേശങ്ങൾ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകൾക്ക് ശുപാർശ ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളിൽ വകുപ്പുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും.ഇതിനായി സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.

സ്റ്റിയറിങ് കമ്മിറ്റി
മുഖ്യമന്ത്രി ചെയർമാനായ കമ്മിറ്റിയിൽ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങളാകും.

പദ്ധതി നടത്തിപ്പിന് മുൻ ചീഫ്‌ സെക്രട്ടറി ഡോ. കെ എം അബ്രഹാം ചെയർമാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, ടെറുമോ പെൻപോൾ സ്ഥാപകൻ സി ബാലഗോപാൽ, സാജൻ പിള്ള, ബൈജു രവീന്ദ്രൻ, വി കെ സി ഗ്രൂപ്പിലെ അബ്‌ദുൾ റസാഖ് എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

സമയക്രമം നിശ്ചയിച്ചു
ഡ്രീം കേരള ക്യാമ്പയിൻ, ഐഡിയത്തോൺ - ജൂലൈ 15 മുതൽ 30 വരെയും മേഖലകള്‍ തിരിച്ചുള്ള ഹാക്കത്തോൺ - ആഗസ്റ്റ് ഒന്നു മുതൽ പത്തുവരെയും നടക്കും. ആഗസ്‌ത്‌ 14ന്‌ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വെർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കും. 2020 നവംബർ 15നു മുമ്പ് പദ്ധതി നിർവഹണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments