NEWS UPDATE

6/recent/ticker-posts

ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ലണ്ടൻ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.[www.malabarflash.com]

1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്‌സിന്റെ പേര്.

മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്‌സിന്‍ ശുഭസൂചനകള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകള്‍ ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞുനിര്‍ത്താനുള്ള വാക്‌സിന്റെ ഫലത്തേപ്പറ്റി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

അതേ സമയം വാക്സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനുഷ്യരില്‍ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ചിമ്പാന്‍സികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസിനെ വേര്‍തിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലര്‍ത്തുന്നതാക്കുകയാണ് ചെയ്തത്.

എന്നാല്‍ മനുഷ്യരില്‍ ഇതിന് രോഗമുണ്ടാക്കാന്‍ സാധിക്കില്ല. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകള്‍ ഈ വൈറസിലും ഗവഷകര്‍ സന്നിവേശിപ്പിച്ചു.

ഇങ്ങനെ ജനിതക പരിഷ്‌കരണം നടത്തിയ വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാല്‍ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുകയും ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും.

പരീക്ഷണത്തില്‍ വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തില്‍ പങ്കെടുത്ത 70 ശതമാനം ആളുകളിൽ പനിയും തലവേദനയും പ്രകടമായെങ്കിലും ഈ പ്രശ്‌നം പാരസെറ്റാമോള്‍ മരുന്ന് ഉപയോഗിച്ച് മറികടക്കാമെന്നും ഗവേഷകര്‍ പറയുന്നു.


Content highligjts: Coronavirus: Oxford vaccine can train immune system

Post a Comment

0 Comments