NEWS UPDATE

6/recent/ticker-posts

അണ്‍ലോക്ക് 2: രാത്രി കര്‍ഫ്യൂ സമയത്തില്‍ ഇളവ്, കടകളില്‍ ഒരേ സമയം അഞ്ചിലേറെ പേര്‍ ആകാം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: കൊറോണവൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു.[www.malabarflash.com]

രാത്രി കര്‍ഫ്യൂവിന്റെ സമയത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ ഉണ്ടാകുക. മതിയായ വിശാലതയുള്ള കടകളില്‍ ഒരേസമയം അഞ്ചിലേറെ പേരെ പ്രവേശിപ്പിക്കാം. സ്‌കൂളുകളും കൊളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ അടച്ചിടും. ഇതടക്കം അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളിലാണ് ഇളവുകള്‍ ബാധകമാകുക. രാജ്യതലസ്ഥാനമായ ഡല്‍ഹിയടക്കം 470 കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവിലുള്ളത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുവാദമില്ല. നിലവിലെ വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണുണ്ടാകുക. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാം.

മെട്രോ സര്‍വീസുകള്‍, സിനിമാ ഹാളുകള്‍, നീന്തല്‍ കുളങ്ങള്‍, ബാറുകള്‍, ആളുകള്‍ ഒത്തുകൂടുന്ന ഹാളുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. മത, സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, അക്കാദമിക് ഒത്തുകൂടലുകളും പരിപാടികളും അനുവദിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി ഇവ ആരംഭിക്കുന്ന തീയതികള്‍ പിന്നീട് അറിയിക്കും.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രകളിലും തുടര്‍ന്നും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം (ആറടി) പാലിക്കുന്നതും തുടരണം. വിവാഹങ്ങള്‍ക്ക് പരമാവധി 50 പേരെയും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയും മാത്രമെ അനുവദിക്കൂ. 

പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയമാനുസൃതമായ പിഴ ചുമത്താം. മദ്യം, പുകയില, പാന്‍, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളില്‍ നിരോധിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പരമാവധി വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. തെര്‍മല്‍ സ്‌കാനിങ്, കൈകഴുകല്‍ എന്നിവയ്ക്കുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപനങ്ങള്‍ കരുതണം. ജീവനക്കാരുടെ ജോലി സ്ഥലവും പൊതുവായി ഇടപഴകുന്ന സ്ഥലങ്ങളും ഡോര്‍ ഹാന്‍ഡില്‍ അടക്കമുള്ളവയും ഓരോ ഷിഫ്റ്റുകളുടെയും ഇടവേളകളില്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments