NEWS UPDATE

6/recent/ticker-posts

ഫുജൈറയിലെ ഹോട്ടലുകളിൽ പീഡനത്തിനിരകളായ മലയാളികളടക്കം 9 യുവതികളെ രക്ഷപ്പെടുത്തി

ദുബൈ: ഫുജൈറയിലെ ഹോട്ടലുകളിൽ പീഡനത്തിനിരകളായ മലയാളികളടക്കമുള്ള 9 യുവതികളെ പോലീസിന്റെ സഹായത്തോടെ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തി.[www.malabarflash.com]

ഇവരിൽ 4 പേർ ഇന്ത്യയിലേയ്ക്ക് മടങ്ങിയതായും ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും വൈകാതെ യാത്ര തിരിക്കുമെന്നും കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.

ആറ് മാസം മുൻപാണ് കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ ജോലി തേടി യുഎഇയിലെത്തിയത്. വൻതുക ബെംഗ്ലുരുവിലെ അനധികൃത റിക്രൂട്ടിങ് ഏജന്റ് ബസവരാജ് കളസാദ് എന്നയാൾക്ക് നൽകിയാണ് ഇവരെല്ലാം യുഎഇയിലെത്തിയത്. 

ഇവന്റ്സ് മാനേജർ, ‍ഡാൻസ് ബാർ നർത്തകിമാർ എന്നീ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു സന്ദർശക വീസ നൽകിയത്. എന്നാൽ, ഫുജൈറയിലെ ഒരു ഹോട്ടലിൽ എത്തപ്പെട്ട ഇവർ പിന്നീട് മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളാവുകയായിരുന്നു. മറ്റൊരു ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതായി യുവതികൾ പരാതിപ്പെട്ടു. മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവർക്കും ഏജൻ്റ് വാഗ്ദാനം ചെയ്തിരുന്നത്.

ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് എല്ലാവരുടെയം രക്ഷയ്ക്ക് കാരണമായത്. കഴിഞ്ഞ 3 മാസമായി തങ്ങൾ കൊടിയ പീഡനത്തിനിരയാകുന്നതായും സ്വയം ജീവനൊടുക്കുന്നതിന് മുൻപ് മൂന്ന് വയസുകാരനായ മകനെ കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുള്ള സന്ദേശം കേൾക്കാനിടയായ നാഷനൽ ഡൊമസ്റ്റിക് വർകേഴ്സ്–മൈഗ്രൻ്റ് തമിഴ്നാട് കോ ഓർഡിനേറ്റർ വി.വളർമതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ കർണാടക ഡിജിപി പ്രവീൺ സൂദിനും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബെംഗ്ലുരുവിലെ ഏജന്റിന്റെ സ്ഥലം കണ്ടെത്തിയെങ്കിലും മേല്‍വിലാസത്തിൽ പറഞ്ഞിരുന്ന ഓഫീസ് വാടകയ്ക്ക് നൽകാനുള്ള ബോർഡായിരുന്നു കണ്ടത്. കെട്ടിടയുടമയോട് അന്വേഷിച്ചപ്പോൾ ഏജൻ്റ് ബസവരാജ് കളസാദിനെനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി.

പിന്നീട്, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പോലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. 3 പേരിൽ നിന്ന് കോൺസൽ ജനറല്‍ വിപുൽ വിവരങ്ങൾ ശേഖരിച്ചു.

Post a Comment

0 Comments