NEWS UPDATE

6/recent/ticker-posts

കോവിഡിനെ തോല്‍പ്പിക്കാനുള്ള സ്റ്റെംസെല്‍ ചികിത്സാ സംഘത്തില്‍ ധന്യയും; കാസര്‍കോടിന് അഭിമാനം

അബുദാബി: കോവിഡിനെ തോല്‍പ്പിക്കാനുള്ള യു.എ.ഇയുടെ സ്റ്റെംസെല്‍ ചികിത്സാ സംഘത്തിലെ കാസര്‍കോട് സ്വദേശിനി ജില്ലയ്ക്ക് അഭിമാനം പകരുന്നു. കൊളത്തൂര്‍ പെര്‍ളെടുക്കം സ്വദേശി ഹരിപ്രസാദിന്റെ ഭാര്യ ധന്യാ ഹരിപ്രസാദാണ് മലയാളികള്‍ക്കാകെ അഭിമാനമായത്.[www.malabarflash.com]

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബി ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമിന്റെ പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായാണ് ധന്യ ജോലി ചെയ്തിരുന്നത്. 

എന്നാല്‍ ഒരു മാസം മുമ്പ് സംഗതികള്‍ മാറി മറിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോട് കൂടി അവരുടെ പ്രൊജക്ട് ടീമിന്, രോഗികളെ പരിചരിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലുകളില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നു. വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായി പിന്നെ. ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഉറക്കം. ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥ. ദിവസവും 20 മണിക്കൂറോളം ക്രിട്ടിക്കലായ കോവിഡ് രോഗികളോടൊപ്പം ഇടപഴകേണ്ടി വരുന്നു.
കോവിഡ് രോഗം ബാധിച്ചയാളില്‍ നിന്ന് തന്നെ രക്തമെടുത്ത് അതില്‍ നിന്നും മൂലകോശങ്ങള്‍ (സ്റ്റെം സെല്‍സ്) വേര്‍തിരിച്ചെടുത്ത് അതേ രോഗികള്‍ക്ക് ഇന്‍ഹേല്‍ ചെയ്ത് കൊടുക്കുന്ന ചികിത്സാ രീതിയാണ് ധന്യ അടക്കമുള്ള സംഘം വികസിപ്പിച്ചെടുത്തത്. അതിന്റെ ഫലമായി വൈറസിനെ റെസിസ്റ്റ് ചെയ്യാന്‍ പറ്റുകയും ശ്വാസതടസമുണ്ടാകുന്ന രോഗികളില്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുകയും ചെയ്യും. 

കോവിഡ് ബാധയേല്‍ക്കാത്ത ആള്‍ക്കാരിലും ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവര്‍ കൂട്ടാന്‍ ഈ രീതി അവലംഭിക്കാം. സ്റ്റെംസെല്‍ റിസര്‍ച്ച് സെന്ററിന്റെ സംഘത്തില്‍ അംഗമാകാന്‍ കഴിഞ്ഞതും കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ ഭാഗവാക്കാന്‍ കഴിഞ്ഞതും അഭിമാനമായി തോന്നുന്നുവെന്ന് ധന്യഹരിപ്രസാദ് പറഞ്ഞു. 

നേരത്തെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ചറായിരുന്നതിന്റെ അനുഭവസമ്പത്ത് കൂടി ധന്യക്കുണ്ട്. കോവിഡ് പകര്‍ന്ന് പിടിച്ചതിന് ശേഷം രാവും പകലും രോഗികളോടൊപ്പം ഇടപഴകിയ അനുഭവസമ്പത്തും ധന്യക്കുണ്ട്.

Post a Comment

0 Comments