NEWS UPDATE

6/recent/ticker-posts

പുതിയ കൊറോണ വൈറസുകൾ പ്ലാസ്റ്റിക്കിലും ഇരുമ്പിലും 3 ദിവസം വരെ നിലനിൽക്കും: പഠന റിപ്പോർട്ട്

വാഷിംഗ്ടൺ: നോവൽ കൊറോണ വൈറസിന് വസ്തുക്കളിലും വായുവിലും മണിക്കൂറുകളോളം നിലനിൽക്കാൻ കഴിയുമെന്ന് അമേരിക്കൻ ഗവേഷകരുടെ പഠനറിപ്പോർട്ട്.[www.malabarflash.com]

കോവിഡ് 19 വൈറസിന് തന്റെ മുൻഗാമിയായ സാർസിന് കാരണമാകുന്ന വൈറസിന് സമാനമായ രീതിയിൽ ശരീരത്തിന് പുറത്ത് നിലനിൽക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 

രോഗലക്ഷണങ്ങളില്ലാത്തവരിൽ ഇതു പകരുന്നത് അടക്കമുള്ള ഘടകങ്ങൾ കൊണ്ടുതന്നെയാണ് 2002-03ലെ സാർസ് ബാധയെക്കാൾ നിലവിലെ സ്ഥിതി ഗൗരവകരമാകുന്നതെന്നും ഇവർ പറയുന്നു. 

കാലിഫോർണിയ സർവകലാശാലയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠന റിപ്പോർട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്ലാസ്റ്റിക്കിലും സ്റ്റെയിൻലസ് സ്റ്റീലിലും രണ്ട് മുതൽ മൂന്നു ദിവസം വരെ നിലനിൽക്കാനാകുമെന്നും കാർഡ് ബോർഡിൽ ഈ വൈറസുകൾക്ക് 24 മണിക്കൂർ വരെ അതിജീവിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നെബുലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ചുമയും തുമ്മലുമുള്ള ഒരാള്‍ക്ക് ചുറ്റും വായുവിൽ മൂന്നു മണിക്കൂർ വരെ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

റിപ്പോർട്ടിന്റെ കരട് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഇതിനെതിരെ വ്യാപകമായ വിമർശനമാണ് മറ്റ് ശാസ്ത്രജ്‍ഞർ ഉയർത്തിയത്. വായുവിലൂടെയുള്ള ഭീഷണിയെ കുറിച്ചുള്ള കണ്ടെത്തൽ അതിരുകടന്നതെന്നാണ് ഇവരുടെ വിമർശനം.

വൈറസ് പ്രധാനമായും പകരുന്നത് സ്രവത്തിലൂടെയാണ്. ഈ രൂപത്തിൽ ഒരാൾക്ക് ചുമ അല്ലെങ്കിൽ തുമ്മൽ കഴിഞ്ഞ് ഏതാനും നിമിഷങ്ങൾ മാത്രമേ ഇത് സാധ്യമാകൂ. നെബുലൈസർ ഉപയോഗിച്ചുള്ള പരീക്ഷണത്തെയും വിമർശകർ തള്ളിക്കളയുന്നു. സമാനമായ പരിശോധന സാർസ് വൈറസിന്റെ കാര്യത്തിലും നടത്തിയിരുന്നതായും രണ്ട് വൈറസുകളും സമാനമായ രീതിയിലുള്ളതാണെന്നുമാണ് പഠനസംഘം പറയുന്നത്.

ഇരുവൈറസുകളും സമാനമാണെന്ന് പറയുമ്പോഴും ഇക്കാര്യം വിശദീകരിക്കുന്നതിൽ സംഘം പരാജയപ്പെട്ടു. ലോകത്താകമാനം രണ്ട് ലക്ഷം പേർക്ക് കോവിഡ്19 ബാധിക്കുകയും എണ്ണായിരത്തോളം പേർ മരിച്ചുവെന്നുമാണ് കണക്ക്. എന്നാൽ സാർസ് ബാധയുണ്ടായത് എണ്ണായിരം പേർക്കും മരണം എണ്ണൂറിനോട് അടുത്തുമായിരുന്നു.

Post a Comment

0 Comments